ആദിവാസി കുടുംബങ്ങൾക്ക് വീടുവെച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചന; മഞ്ജു വാര്യർ കേസ് ഒത്തുതീർപ്പാക്കി
കൊച്ചി: ആദിവാസി കുടുംബങ്ങൾക്ക് വീടുവെച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ച കേസിൽ നടി മഞ്ജു വാര്യർ 10 ലക്ഷം രൂപ നൽകി കേസ് ഒത്തുതീർപ്പാക്കും. വീടുവെച്ചു നൽകാൻ സർക്കാരിന് 10 ലക്ഷം രൂപ നൽകുമെന്നും കേസിൽ ഇനിയും തന്നെ വലിച്ചിഴച്ച് അപമാനിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യരുതെന്നും താരം പറഞ്ഞു. വയനാട് ജില്ലാ ലീഗൽ സർവ്വീസ് സെല്ലിന് അയച്ച കത്തിലാണ് താരം കേസിൽ പണം നൽകി അനുനയത്തിലെത്തിയത്.
വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിൽ പണിയ വിഭാഗത്തിലെ 57 ആദിവാസി കുടുംബങ്ങൾക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നൽകുമെന്നായിരുന്നു നടി മഞ്ജു വാര്യർ രക്ഷാധികാരിയായ ഫൗണ്ടേഷൻ വാഗ്ദാനം നൽകിയിരുന്നത്. ഇത് സംബന്ധിച്ച് 2017 ജനുവരി 20ന് മഞ്ജുവാര്യർ ഫൗണ്ടേഷൻ വയനാട് ജില്ലാ കലക്ടർക്കും പട്ടികജാതി, വർഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നൽകി. പ്രാരംഭ പ്രവർത്തനമെന്നോണം മഞ്ജുവാര്യർ ഫൗണ്ടേഷൻ സ്ഥലം സർവ്വെ നടത്തുകയും പദ്ധതി പനമരം പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിക്കുകയും ചെയ്തു. പക്ഷെ പിന്നീട് ഇക്കാര്യത്തിൽ മഞ്ജു വാര്യർ ഫൗണ്ടേഷൻ യാതൊന്നും ചെയ്യാതെ പിൻവാങ്ങുകയായിരുന്നു എന്നായിരുന്നു പ്രധാന ആരോപണം.

