രാമായണം വെള്ളിത്തിരയിലേയ്ക്ക്
ന്യൂഡൽഹി: 500 കോടി മുതൽ മുടക്കി രാമായണം ബിഗ് സ്കരീനിലേക്ക്. സംവിധായകന്റെയോ അഭിനേതാക്കളുടെയോ പേരുകൾ പുറത്തു വിട്ടിട്ടില്ല. രാമായണത്തോട് പൂർണ്ണമായും നീതി പുലർത്തുന്ന ഒരു ചിത്രമായിരിക്കുമെന്നും മൂന്നു ഭാഗങ്ങളായാണ് ചിത്രം വരികയെന്നുമാണ് റിപ്പോർട്ട്. ദംഗലിന്റെ സംവിധായകൻ നിതേഷ് തിവാരി, തെലുങ്ക് നിർമ്‍മാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മൽഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകൻ രവി ഉദയ്‌വാർ എന്നിവർ ചേർന്‍്‌നാണ് ചിത്രം നിർമ്മിക്കുന്നത് എന്നു മാത്രമാണ് പുറത്തു വരുന്ന വിവരം. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം തുടങ്ങും. 2021ൽ ചിത്രം പുറത്തിറങ്ങും.
മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാർ മേനോൻ 1000 കോടി രൂപ മുതൽ മുടക്കിൽ മഹാഭാരതം എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. എം.ടിയുടെ രണ്ടാമൂഴം എന്ന ചിത്രത്തെ ആസ്പദമാക്കി ചിത്രം ഒരുക്കുമെന്നായിരുന്നു സംവിധായകൻ പറഞ്ഞിരുന്നത്. എന്നാൽ, കരാറിൽ പറഞ്ഞ സമയത്ത് ചിത്രം തുടങ്ങാൻ കഴിയാതെ വന്നപ്പോൾ എം.ടിയും ശ്രീകുമാർ മേനോനും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും തുടർന്ന് തിരക്കഥ തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിക്കുകയും ചെയ്തു. വിവാദങ്ങൾക്കിടെ മഹാഭാരതം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് രാമായണത്തിന്റെ പ്രഖ്യാപനം.

