24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്സ്
ഒരു അഡാർ ലൗവ് എന്ന ചിത്രത്തിലെ ഒറ്റ പാട്ടിലൂടെ ശ്രദ്ധേയയായ പ്രിയ പി. വാര്യർ ഇൻസ്റ്റാഗ്രമിൽ മോഹൻലാലിനെയും പിന്തള്ളി മുന്നേറുന്നു. 24 മണിക്കൂറിനകം ഒരു മില്യൺ ഫോളോവേഴ്‌സിനെയാണ് പ്രിയക്ക് ലഭിച്ചത്.
നാല് ദിവസം കൊണ്ട് പ്രിയയ്ക്ക് ലഭിച്ചത് 16 ലക്ഷം ഫോളോവേഴ്സിനെ. ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്‌സിനെ നേടിയ താരങ്ങളിൽ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, അമേരിക്കൻ മോഡൽ കയിൽ ജെന്നർ എന്നിവർക്കൊപ്പമാണ് പ്രിയ.
സിനിമയിൽ വിനീത് ശ്രീനിവാസൻ പാടിയ പാട്ട് ഹിറ്റായതോടെയാണ് പ്രിയയും തരംഗമായത്. പ്രിയയുടെ പ്രശസ്തി രാജ്യാന്തര അതിർത്തിയും കടന്ന് പോയിരിക്കുകയാണ്. ഇന്ത്യയിൽ ദേശീയ ദിനപത്രങ്ങളുടെ ഒാൺലൈൻ പേജുകളിൽ വരെ പ്രിയയുടെ ചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്യുന്നുണ്ട്. പ്രിയ വാര്യരും പാട്ടിലെ ആൺകുട്ടിയും ജൂനിയർ ആർട്ടിസ്റ്റുകളാകാൻ എത്തിയതായിരുന്നു. പിന്നീട് ഇവർക്ക് സംവിധായകൻ ഒമർ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ നൽകുകയായിരുന്നു. തൃശ്ശൂർ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്.
ഒറ്റ ദിവസം കൊണ്ട് ലഭിച്ച പ്രശസ്തിക്ക് സംവിധായകൻ ഒമറിനും പ്രേക്ഷകർക്കും നന്ദി പറയുകയാണ് പ്രിയ.

