ഭാഗ്യക്കുറി വ്യാജമാണോയെന്ന് അറിയാൻ പുതിയ ആപ്പ്


തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് വ്യാജമാണോ എന്ന് അറിയാൻ ഇനി മൊബൈൽ ഫോണിൽ ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും. ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതോടെ മൊബൈൽ ഫോണിൽ ടിക്കറ്റിന്റെ നമ്പർ തെളിഞ്ഞു വരും. ടിക്കറ്റിലെ വില, ഓഫീസുകളിൽ നിന്ന് ക്ലെയിം ചെയ്തിട്ടുള്ളതാണോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഇതിലൂടെ മനസിലാക്കാം. ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ടാണ് ഈ സംവിധാനങ്ങൾ. ഭാഗ്യകേരളം എന്ന പേരിൽ എൻഐസിയാണ് ആപ്ലിക്കേഷൻ നിർമ്മിച്ചത്. പ്ലേ സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡു ചെയ്യാം. തിരുവനന്തപുരത്ത് ധനമന്ത്രി തോമസ് ഐസക് ആണ് മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം www.statelottery.kerala.gov.in എന്ന പുതിയ വെബ്‌സൈറ്റും ലോട്ടിസ് എന്ന ഓഫീസ് ഓട്ടോമേഷൻ സോഫ്റ്റുവെയറും ലോഞ്ച് ചെയ്തു.

ഏജന്റുമാർക്ക് ഓൺലൈൻ ഇ ട്രഷറിയിലൂടെ പണം ഒടുക്കി ഓഫീസുകളിൽ നേരിട്ടെത്തി ടിക്കറ്റെടുക്കുന്നതിനും ബാങ്ക് ഗ്യാരണ്ടിയിൽന്മേൽ ഏജന്റുമാർക്ക് ബംബർ ലോട്ടറി ടിക്കറ്റുകൾ വിൽപന നടത്തുന്നതിനും ലോട്ടിസിൽ പ്രൊവിഷൻ നൽകിയിട്ടുണ്ട്. എൻഐസിയാണ് ഈ സോഫ്റ്റ്വെയറും നിർമ്മിച്ചിരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും ഭാഗ്യക്കുറി മേഖല പുറത്തുകടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ആദ്യത്തെ ആറു മാസം ലോട്ടറി വരുമാനം 4473 കോടി രൂപയായിരുന്നത് ഈ വർഷം ഇതേ കാലയളവിൽ കാെറോണ മൂലം 1290 കോടി രൂപയായി ചുരുങ്ങിയതായി മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ വെബ്‌സൈറ്റിനൊപ്പം നിലവിലെ വെബ്‌സൈറ്റായ www.keralalotteries.com കുറച്ചുനാൾ കൂടി പ്രവർത്തിക്കും. ഭാവിയിൽ നറുക്കെടുപ്പ് ഫലം തൽസമയം ലഭ്യമാകുന്ന സംവിധാനം പുതിയ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തും. കെൽട്രോൺ ആണ് വെബ്‌സൈറ്റ്
തയ്യാറാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed