ആഗോള ആയുധ വിൽപന റെക്കോർഡിൽ; വരുമാനം 679 ബില്യൺ ഡോളർ
ഷീബ വിജയ൯
സ്‌റ്റോക്ക്‌ഹോം: ഗസ്സ, യുക്രൈൻ യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ആയുധ വിൽപനയിൽ വലിയ കുതിച്ചുചാട്ടമെന്ന് സ്‌റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (എസ്.ഐ.പി.ആർ.ഐ) റിപ്പോർട്ട്. ലോകമെമ്പാടുമുള്ള നൂറിലധികം ആയുധ നിർമാണ കമ്പനികൾ 2024-ൽ 679 ബില്യൺ ഡോളർ (ഏകദേശം 56,66,000 കോടി രൂപ) വരുമാനം നേടിയെന്നാണ് കണക്ക്. ഈ വളർച്ചക്ക് പ്രധാന കാരണം ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയും യുക്രൈൻ-റഷ്യ യുദ്ധവും ഉൾപ്പെടെ നിലവിലുള്ള പ്രാദേശിക, ആഗോള സംഘർഷങ്ങളാണെന്ന് വിലയിരുത്തുന്നു.
മുൻവർഷത്തെ അപേക്ഷിച്ച് ആഭ്യന്തര, അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള വിൽപ്പനയിൽ 5.9% വളർച്ച ഉണ്ടായി. ആഗോളതലത്തിൽ കൂടുതലും നേട്ടമുണ്ടാക്കിയിരിക്കുന്നത് യൂറോപ്പിലും അമേരിക്കയിലും നിലനിൽക്കുന്ന കമ്പനികളാണ്. യുഎസിലെ പ്രമുഖ കമ്പനികളായ ലോഖീഡ് മാർട്ടിൻ, നോർത്‌റോപ്പ് ഗ്രമ്മൻ, ജനറല്‍ ഡൈനാമിക്‌സ് എന്നിവരാണ് മുന്നിൽ. യുഎസിലെ 39 കമ്പനികളിൽ 30 കമ്പനികളും ഇത്തവണ നേട്ടമുണ്ടാക്കിയവരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ആഗോള സൈനിക നിർമാണക്കമ്പനികളിൽ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയും ഇടംനേടി. ഗസ്സയിലെ ആക്രമണങ്ങൾക്ക് പിന്നാലെ മൂന്ന് ഇസ്രായേലി ആയുധക്കമ്പനികൾ സംയുക്തമായി 16% നേട്ടമാണ് ഉണ്ടാക്കിയത്. എസ്.ഐ.പി.ആർ.ഐയുടെ മികച്ച 100 ആയുധക്കമ്പനികളിൽ പശ്ചിമേഷ്യൻ രാജ്യങ്ങൾ ആദ്യ ഒമ്പത് സ്ഥാനങ്ങളിൽ എത്തുന്നത് ഇതാദ്യമാണ്.
asddsdsaadsads
