ഫിക്സഡ് ബിൽ സംവിധാനമൊരുക്കി ബഹ്റൈൻ ജലവൈദ്യുതി മന്ത്രാലയം

രാജ്യത്ത് വൈദ്യുതി, വെള്ളം ബില്ലുകൾ അടക്കുന്നത് എളുപ്പമാക്കി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി നടപ്പാക്കുന്ന പുതിയ സംവിധാനം ഈ മാസം മുതൽ നിലവിൽവരും. ഇത് പ്രകാരം അവസാന 12 മാസത്തെ ബിൽ തുകയുടെ ശരാശരി കണക്കിലെടുത്ത് ഓരോ മാസവും ഫിക്സഡ് ബിൽ നൽകുന്ന സംവിധാനമാണ് ആരംഭിക്കുന്നത്. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് ഈ സംവിധാനത്തിൽ ചേരാമെന്നാണ് ഇഡബ്ല്യുഎ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വേനൽക്കാലത്ത് ഉപഭോഗം കൂടുമ്പോൾ അമിതമായ ബിൽ അടക്കേണ്ടിവരുന്നതിന് ഈ സംവിധാനത്തിലൂടെ പരിഹാരമാകുമെന്നാണ് കരുതുന്നത്. ഉപഭോക്താക്കൾക്ക് പ്രതിമാസ ചെലവ് നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. ഓരോ മാസവും കണക്കാക്കുന്ന ഫിക്സഡ് ബില്ലിലെ തുക ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് ഈടാക്കുകയാണ് ചെയ്യുക.
ഓരോ വർഷത്തിന്റെയും അവസാനം യഥാർഥ ഉപഭോഗവും ഫിക്സഡ് ബിൽ തുകയും അവലോകനം ചെയ്ത് ഫിക്സഡ് ബിൽ യഥാർഥ ബിൽ തുകയേക്കാൾ അധികമാണെങ്കിൽ കൂടുതലായി അടച്ച തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ വരവുവെക്കും. ഇത് പിന്നീട് വരുന്ന ബില്ലുകൾ അടക്കാൻ ഉപയോഗിക്കാം.ബിൽ തുക കൂടുതലാണെങ്കിൽ ഇത് ഒരു വർഷത്തിനുള്ളിൽ ഗഡുക്കളായി അടച്ചുതീർക്കാം. ബഹ്റൈന്റെ ദേശീയ പോർട്ടലായ www.bahrain.bh, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി വെബ്സൈറ്റായ www.ewa.bh എന്നിവ വഴിയോ 17515555 എന്ന നമ്പറിൽ അതോറിറ്റിയുടെ കാൾ സെന്ററിൽ വിളിച്ചോ പദ്ധതിയിൽ ചേരാം. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാൻ കമാൽ ബിൻ അഹമ്മദ് മുഹമ്മദ് പറഞ്ഞു.