മയക്കുമരുന്ന് കടത്താൻ ഭാര്യയെ പ്രേരിപ്പിച്ചു ; ബഹ്റൈൻ പൗരന് 15 വർഷം ജയിൽ ശിക്ഷ
വസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ഭാര്യയെ പ്രേരിപ്പിച്ച കുറ്റത്തിൽ ബഹ്റൈൻ പൗരന് 5000 ബഹ്റൈൻ ദിനാർ പിഴയും 15 വർഷം ജയിൽ ശിക്ഷയും നൽകാൻ ഉത്തരവ്. ബഹ്റൈൻ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കിംഗ് ഫഹദ് കോസ് വേയിൽ വെച്ചാണ് ഭാര്യയുടെ വസ്ത്രത്തിൽ ഒളിപ്പിച്ച രീതിയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. സൗദിയിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ബഹ്റൈനിൽ വിൽപ്പന നടത്താനായിരുന്നു ബഹ്റൈൻ സ്വദേശിയുടെ ശ്രമമെന്ന് അന്വേഷണത്തിൽ വ്യക്തമായി. താൻ നിരപരാധിയാണെന്നും ഭർത്താവിന്റെ ഭീഷണിയെ തുടർന്നാണ് മയക്കുമരുന്ന് വസ്ത്രത്തിൽ ഒളിപ്പിച്ചതെന്നും യുവതി കോടതിയിൽ മൊഴി നൽകി. വിചാരണയിൽ പ്രതി കുറ്റക്കാരനാണെന്ന് മനസ്സിലാക്കിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

