തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ; ആളുമാറി മൃതദേഹം സംസ്‌കരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും അനാസ്ഥ. മരിച്ചയാളെന്ന് കരുതി സംസ്‌കരിച്ചത് മറ്റൊരാളുടെ മൃതദേഹം. യഥാർത്ഥയാൾ മരിച്ചതാകട്ടെ കഴിഞ്ഞദിവസവും. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ വെച്ചാണ് മൃതദേഹം മാറിയത്.
കഴിഞ്ഞ പതിനൊന്നിനാണ് കരമന−കളിയിക്കാവിള ദേശീയപാതയിലുണ്ടായ അപകടത്തിൽ നടുക്കാട് തെങ്ങുവിള വീട്ടിൽ ബാബു(53)വും മലയിൻകീഴ് വെച്ചുണ്ടായ അപകടത്തിൽപ്പെട്ട് ഒറ്റശേഖരമംഗലം ചേനാട് കുന്നിന്‍പുറം ലാവണ്യയിൽ ലാൽമോഹനും (34) ഗുരുതരാവസ്ഥയിൽ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇതിൽ ബാബു 12ന് മരിച്ചു. എന്നാൽ ഇത് ലാൽമോഹന്റെ മൃതദേഹമാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കൾ കൊണ്ടുപോകുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാൽ ലാൽമോഹൻ മരിച്ചതാകട്ടെ കഴിഞ്ഞ ദിവസവും.
കഴിഞ്ഞ 11 ന് മലയിൻകീഴ് വച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ലാൽമോഹനേയും അതേ ദിവസം തന്നെ അപകടത്തിൽപ്പെട്ട ബാബുവിനേയും അടുത്തടുത്ത സമയങ്ങളിൽ മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരുടെയും കേസ് നന്പരുകളും അടുത്തടുത്ത നന്പരുകളിലായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ന്യൂറോ ഐ.സി.യു.വിലേയ്ക്ക് മാറ്റിയ ബാബുവിന്റെ ബന്ധുക്കളാണെന്ന് തെറ്റിദ്ധരിച്ച് അങ്ങോട്ടേയ്ക്ക് പറഞ്ഞുവിട്ടു. പരിചരിക്കാൻ അവസരമൊരുക്കുകയും ചെയ്തു. 12ന് ബാബു മരിച്ചു. മരിച്ചത് ലാൽമോഹൻ തന്നെ എന്ന ധാരണയിൽ ബന്ധുക്കൾ മലയിൻകീഴ് പൊലീസിനെ അറിയിച്ച് മേൽനടപടികൾ പൂർത്തിയാക്കി സംസ്‌കരിച്ചു എന്നാണ് പൊലീസ് പറഞ്ഞത്.

