ബഹ്റൈൻ ഫോർമുല വൺ മത്സരം ; ടിക്കറ്റുകൾ കിട്ടാനില്ലെന്ന് ആരാധകർ


ബഹ്റൈനിലെ ഫോർമുല വൺ മത്സരങ്ങൾക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ ടിക്കറ്റുകൾ വാങ്ങാനുള്ള മത്സരയോട്ടത്തിലാണ് ആരാധകർ. വെള്ളിയാഴ്ച്ച ആരംഭിക്കുന്ന ഫോർമുല വൺ മത്സരങ്ങളുടെ ഗ്രാൻറ്സ്റ്റാൻഡ് കാറ്റഗറിയിലുള്ള ടിക്കറ്റുകൾ മിക്കതും വിറ്റഴിഞ്ഞു. ബെറ്റൽകോ ഗ്രാന്റ് സ്റ്റാന്റ്, യൂണിവേഴ്സിറ്റി ഗ്രാന്റ് സ്റ്റാന്റ്, വിക്ടറി ഗ്രാന്റ് സ്റ്റാന്റ് എന്നീ കാറ്റഗറിയിലുള്ള ടിക്കറ്റുകളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ടിക്കറ്റുകൾ ലഭിക്കാത്തവർക്ക് ബഹ്റൈൻ ഇന്റർനാഷ്ണൽ സർക്ക്യൂട്ടിലെ വെബ്സൈറ്റ് വഴിയോ 17 450000 എന്ന ഹോട്ട് ലൈൻ നമ്പറുമായോ ബന്ധപ്പെടാവുന്നതാണ്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഡിസ്ക്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഫോര്‍മുല വണ്‍ മത്സരം വിജയകരമായി സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി റോഡ് ഗതാഗത സംവിധാനത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ വഹാബ് ആല്‍ ഖലീഫ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രി ലഫ്. കേണല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ കാറോട്ട മത്സരം വിജയിപ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങളൊരുക്കിയിട്ടുള്ളത്.ഇന്‍റര്‍നാഷനല്‍ സര്‍ക്യൂട്ടിലേക്കും തിരിച്ചും സുരക്ഷിതമായ യാത്ര ഉറപ്പാക്കും. മത്സരം നടക്കുന്ന മൂന്നു ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിശ്ചയിച്ച്‌ ട്രാഫിക് സുരക്ഷ ഉറപ്പാക്കും. വിവിധ ഭാഗങ്ങളില്‍ പട്രോളിങ് ഏര്‍പ്പെടുത്തുന്നതോടൊപ്പം അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഇന്‍റര്‍നാഷനല്‍ സര്‍ക്യൂട്ടിലുണ്ടാകുന്ന അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഓഫിസ് അവിടെ തുറന്നിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed