സൗദിയില്‍ ശീതതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഈ ആഴ്ച്ച അവസാനം വരെ അതിശൈത്യ തരംഗത്തിന് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. രാജ്യത്തുടനീളം താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. മാര്‍ച്ച് 15, ചൊവ്വാഴ്ച്ച മുതല്‍ മാര്‍ച്ച് 18, വെള്ളിയാഴ്ച്ച വരെ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും താപനില വളരെയധികം കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. തബുക്, ഹൈല്‍, അല്‍ ജൗഫ്, നോര്‍ത്തേണ്‍ ബോര്‍ഡര്‍ തുടങ്ങിയ മേഖലകളില്‍ താപനില മൈനസ് മൂന്ന് വരെ താഴാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മക്ക, തബുക്, മദീന, അല്‍ ജൗഫ്, ഹൈല്‍, നോര്‍ത്തേണ്‍ ബോര്‍ഡേഴ്‌സ്, അല്‍ ഖാസിം തുടങ്ങിയ ഇടങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

