വാറ്റ് വർദ്ധനവ് - അന്യായ വില ഈടാക്കുന്നതിനെതിരെ കർശന നടപടികളുമായി ബഹ്റൈൻ

ജനുവരി ഒന്ന് മുതൽ രാജ്യത്ത് മൂല്യവർദ്ധിത നികുതി അഞ്ചിൽ നിന്ന് പത്ത് ശതമാനമാക്കി വർദ്ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ വാറ്റ് ഒഴിവാക്കിയ ഇനങ്ങളിൽ അന്യായമായി വില കൂട്ടി വിൽക്കുന്ന കച്ചവടസ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളുമായി വ്യവസായ വാണിജ്യമന്ത്രാലയം രംഗത്ത് എത്തി. ഭക്ഷ്യോത്പന്നങ്ങൾക്കാണ് കൂടുതലായും വാറ്റിന്റെ പേരിൽ അനധികൃതമായി വില വർദ്ധിപ്പിക്കുന്നതായി വാർത്തകൾ പുറത്ത് വന്നത്. നിരവധി വാണിജ്യസ്ഥാപനങ്ങൾക്കെതിരെയാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതർ നടപടിയെടുത്തിരിക്കുന്നത്.
പ്രമുഖ സൂപ്പർമാർക്കറ്റിന്റെ ടൂബ്ലി, സൽമാനിയ, സാർ, അറാദ്, ഗലാലി, റിഫ എന്നിവടങ്ങളിലെ ശാഖകളും, ഇവരുടെ തന്നെ കീഴിൽ ഹിദ്ദിലും, ഹമദ് ടൗണിലും പ്രവർത്തിക്കുന്ന രണ്ട് റെസ്റ്റാറന്റുകളും അടപ്പിച്ചിരുന്നു. ഇതോടൊപ്പം നൂറ് ഫിൽസിന് നൽകിയിരുന്ന കറക്ക് ചായക്ക് 150 ഫിൽസാക്കി വിലവർദ്ധിപ്പിച്ചതിനെ തുടർന്ന് വിവിധ കറക്ക് ടീ കടകളും അധികൃതർ അടപ്പിച്ചിരുന്നു. പതിനായിരം ദിനാർ വരെയാണ് ഇവർക്ക് പിഴ ചുമത്തുക. ഇങ്ങിനെയുള്ള അനധികൃത വിലവർദ്ധനവ് ശ്രദ്ധയിൽ പെട്ടാൽ 80008001 എന്ന ഹോട്ട് ലൈൻ നമ്പറിലാണ് വിളിച്ച് അറിയിക്കേണ്ടത്. നിലവിലെ നിയമ പ്രകാരം 94 അടിസ്ഥാന ഭക്ഷ്യോൽപ്പന്നങ്ങൾക്കും, 1800 ഗവൺമെന്റ് സേവനങ്ങൾക്കും വാറ്റ് ബാധകമല്ല.