നാടക കലാകാരനായ മുൻ ബഹ്‌റൈൻ പ്രവാസി ഗുരുതരാവസ്ഥയിൽ; സുമനസ്കരുടെ സഹായം തേടുന്നു

മുൻ ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടക കലാകാരൻ ദിനേശ് കുറ്റിയിലിനെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടൻ ശിവാജി ഗുരുവായൂരിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നാടക കലാകാരന്മാരുടെ അതിജീവന യാത്രയിൽ പങ്കെടുത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് കോവിഡ് ബാധിതനായത്. പിന്നാലെ ന്യൂമോണിയ പിടിപെടുകയും തലച്ചോറിൽ രക്തം കട്ടപിടിച്ച് സ്ഥിതി വഷളാകുകയുമായിരുന്നു. 27 വർഷമായി നാടക രംഗത്ത് സജീവമാണ് ദിനേശ് കുറ്റിയിൽ. 12 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതത്തിനിടയിലും നാടകത്തെ മുറുകെ പിടിച്ച ദിനേശ് ഇവിടെ നടന്ന ഒട്ടേറെ നാടക മത്സരങ്ങളിൽ സംവിധായകനായും നടനായും തിളങ്ങിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ ജീവിതം തിരികെപ്പിടിക്കാനുള്ള പോരാട്ടത്തിലാണ് ദിനേശ്. ചികിത്സയ്ക്ക് വലിയ ചിലവ് വരും എന്നതിനാൽ സമൂഹ മാധ്യമങ്ങളിലൂടെ ദിനേശിനായി കൈകോർക്കുന്നുണ്ട് നാടക പ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം. ഭാര്യ അനിലയുടെ അക്കൗണ്ട് വഴിയാണ് ചികിത്സയ്ക്കായി സാമ്പത്തിക സമാഹരണം നടക്കുന്നത്. അക്കൗണ്ട് വിവരം; എസ്.ബി.ഐ വടകര ബ്രാഞ്ച്. അക്കൗണ്ട് നമ്പർ; 31901093210. ബാങ്ക് ഐ.എഫ്.എസ്.സി കോഡ്; SBIN0005048.