കോസ്വേ വഴിയെത്തുന്ന ചരക്കു വാഹനങ്ങളുടെ കസ്റ്റംസ് ക്ലിയറൻസ് സമയം കുറക്കാൻ സാധിച്ചതായി കസ്റ്റംസ് വിഭാഗം തലവൻ

മനാമ; സൗദി കോസ്വേ വഴി ബഹ്റൈനിലേക്കെത്തുന്ന ചരക്കു വാഹനങ്ങളുടെ കസ്റ്റംസ് ക്ലിയറൻസ് സമയം കുറക്കാൻ സാധിച്ചതായി കസ്റ്റംസ് വിഭാഗം തലവൻ ശൈഖ് അഹ്മദ് ബിൻ ഹമദ് ആൽഖലീഫ വ്യക്തമാക്കി. മുൻവർഷങ്ങളിൽ 757 മിനിറ്റുവരെ ഒരു വാഹനത്തിന്റെ ക്ലിയറൻസിന് വേണ്ടിയിരുന്നു. എന്നാൽ, ആഗസ്റ്റ് ആദ്യ പകുതിയിൽ ഇത് 52 മിനിറ്റായി കുറക്കാൻ സാധിച്ചു. കോസ്വേയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയതിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറക്കുമതിക്കാർ, വ്യാപാരികൾ, കസ്റ്റംസ് ക്ലിയറൻസ് ഏജൻറുമാർ എന്നിവരുടെ സഹകരണത്തോടെയാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.