വേനലവധിക്കുശേഷം തുറക്കാൻ ഒരുങ്ങി ബഹ്റൈനിലെ സ്കൂളുകൾ

മനാമ: വേനലവധിക്കുശേഷം ബഹ്റൈനിലെ സ്കൂളുകൾ വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. മിക്കവാറും വിദ്യാലയങ്ങൾ നാളെ സെപ്തംബർ 1 മുതൽ പ്രവർത്തനമാരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമായും ഒാൺലൈനിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. അതേസമയം, സ്കൂളുകളിൽ നേരിട്ടെത്തി പഠനം നടത്താൻ താൽപര്യമുള്ളവർക്ക് അതിനും സൗകര്യം ഒരുക്കുന്നുണ്ട്. ഇതിന് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും താൽപര്യം അറിയാൻ സർവേ നടന്നുവരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഒാഫ്ലൈൻ പഠനം സംബന്ധിച്ച് ഇന്ത്യൻ സ്കൂൾ അടക്കം തീരുമാനം എടുക്കും. ഇത് കൂടാതെ ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലബോറട്ടറി പഠനം ആരംഭിക്കുന്നതിനുള്ള സാധ്യതകളും തേടുന്നുണ്ട്.
അതേസമയം ബഹ്റൈനിലെ സർക്കാർ സ്കൂളുകളിൽ നടത്തിയ സർവേയിൽ പകുതിയോളം വിദ്യാർഥികൾ സ്കൂളിലെത്തി പഠനം നടത്താൻ താൽപര്യം അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വരെ 67,000 വിദ്യാർഥികളാണ് ഒാഫ്ലൈൻ പഠനത്തിന് സന്നദ്ധരായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്തത്. ആകെ വിദ്യാർഥികളുടെ 47 ശതമാനത്തോളമാണ് ഇത്. ഒാഫ്ലൈൻ പഠനത്തിന് താൽപര്യമുള്ളവർക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം നേരിട്ടും അല്ലാത്ത ദിവസങ്ങളിൽ ഒാൺലൈൻ പഠനവും ഉണ്ടായിരിക്കും.