സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നൽകാനൊരുങ്ങി ബഹ്റൈൻ


മനാമ: ബഹ്‌റൈനില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കും. വ്യാഴാഴ്ച ചേര്‍ന്ന സര്‍ക്കാര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരം വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച കാര്യം അറിയിച്ചത്.

18 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്തെ 27 മെഡിക്കല്‍ സെന്ററുകള്‍ വഴിയാകും വാക്‌സിന്‍ നല്‍കുക.
ആദ്യഘട്ടത്തില്‍ പ്രതിദിനം 5,000 പേര്‍ക്ക് എന്ന നിലയിലാണ് വാക്‌സിന്‍ നല്‍കുക. ഇത് പിന്നീട് പ്രതിദിനം 10,000 വാക്‌സിനേഷന്‍ എന്ന നിലയില്‍ വ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോ എന്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ്-19 വാക്‌സിന് ഡിസംബര്‍ 4ന് ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു.

വിവിധ തലങ്ങളിലെ പരിശോധനക്ക് ശേഷമാണ് നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി വാക്‌സിന് അനുമതി നല്‍കിയത്. നവംബറില്‍ സിനോഫാം വാക്‌സിനും ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു. കോവിഡ് പ്രതിരോധ രംഗത്ത് മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഈ വാക്‌സിന്‍ നല്‍കുന്നത്.

You might also like

  • Straight Forward

Most Viewed