ഇന്ത്യൻ സ്കൂൾ പോര് ആരംഭി­ച്ചു­; ആരോ­പണ പ്രത്യാ­രോ­പണങ്ങളു­മാ­യി­ ഇരു­പക്ഷവും രംഗത്ത്


മനാമ: ഗൾഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും പഴക്കമേറിയതും, വലുതുമായ ഇന്ത്യൻ സ്കൂളിന്റെ നിർവാഹകസമിതി തെരഞ്ഞെടുപ്പ് അടുത്തതോടെ ഭരണപക്ഷവും, പ്രതിപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് വന്നുതുടങ്ങി. മൂന്ന് വർഷം കൂടുന്പോൾ നടക്കേണ്ട തെരഞ്ഞെടുപ്പ് ഈ വർഷം നവംബർ അവസാനത്തോടെയാണ് നടക്കേണ്ടത്. ഇതിന് മുന്നോടിയായിട്ടാണ് പതിവ് പോലെ രക്ഷിതാക്കളുടെയും അല്ലാത്തവരുടെയും കൂട്ടായ്മകൾ സംഘം തിരിഞ്ഞ് പ്രസ്താവനകളുമായി സോഷ്യൽ മീഡിയകളിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത്. 

വ്യക്തിപരമായ രീതിയിലേയ്ക്ക് പോലും അധിക്ഷേപങ്ങൾ ഉന്നയിക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ മാറികഴിഞ്ഞു. ഫീസടക്കാത്ത വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കാത്തതിനെതിരെ രംഗത്ത് വന്ന പ്രതിപക്ഷ കക്ഷിയായ യുണൈറ്റഡ് പാരന്റ്സ് പാനൽ ഭരണപക്ഷത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത്. സ്കൂളിൽ നിന്ന് സാധനങ്ങൾ കടത്തികൊണ്ടുപോകാൻ വരെ ഇപ്പോഴത്തെ നിർവാഹകസമിതി കൂട്ടുനിന്നുവെന്നും, ഫീസ് കുടിശിക ഇത്രയേറേ കൂടാൻ നിലവിലെ കമ്മിറ്റിയുടെ കാര്യക്ഷമതയില്ലായ്മയാണെന്നും ഇവർ ആരോപിക്കുന്നു. 

ഇന്ത്യൻ സ്കൂളിന്റെ മുൻ ചെയർമാൻ എബ്രഹാം ജോണാണ് യുപിപിയെ നയിക്കുന്നവരിൽ പ്രമുഖൻ. അതേസമയം നിലവിലെ കമ്മിറ്റി വന്നതിന് ശേഷം സർക്കാർ അംഗീകാരത്തോടെ ഒരു തവണ മാത്രം നാമമമാത്രമായിട്ടാണ് ഫീസ് വർദ്ധിപ്പിച്ചതെന്നും, സ്കൂളിൽ നിന്ന് സാധനം കടത്തിയത് മുൻ കമ്മിറ്റിയിലെ ആളാണെന്നും, നിരവധി നല്ല കാര്യങ്ങളാണ് കമ്മിറ്റി ചെയ്തുവരുന്നതെന്നും ഭരണകക്ഷിയായ പ്രൊഗ്രസീവ് പാരന്റ്സ് പാനൽ ഭാരവാഹികൾ പറയുന്നു. 

എന്തായാലും കോവിഡ് മഹാമാരി ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ ഒന്നും ഇത്തവണത്തെ ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന രീതിയിലാണ് കാര്യങ്ങൾ മുന്പോട്ട് പോകുന്നത്. വരുംദിവസങ്ങളിൽ ഇരുവിഭാഗങ്ങളുടെയും ആരോപണ പ്രത്യാരോപണങ്ങൾ വർദ്ധിക്കുമെന്ന് തന്നെയാണ് മനസിലാക്കുന്നത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed