ആത്മഹത്യ ജീവിതം മടുത്തതിനാല്‍ : ബിജെപി, ശബരിമല പരാമര്‍ശങ്ങളില്ല
തിരുവനന്തപുരം : ബിജെപി സമരപ്പന്തലിന് മുന്നിൽ തീകൊളുത്തി ആത്മഹത്യചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തുവന്നു. ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നാണു മൊഴി. കുറേനാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു. ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ മൊഴിയിൽ പരാമര്‍ശമില്ല. ഡോക്ടറും മജിസ്ട്രേറ്റും മൊഴി രേഖപ്പെടുത്തി.
വേണുഗോപാലൻ നായരുടെ ആത്മഹത്യക്ക് പിന്നാലെ സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ പെട്രോള്‍ ഒഴിച്ച് തീ കൊടുത്തശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് തീഅണച്ചു. എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇന്നു വൈകിട്ട് നാലോടെയാണു മരിച്ചത്.

