തണൽ ബഹ്‌റൈൻ ഭിന്നശേഷിക്കാരായ കുട്ടികളുടെ നാടകവും സെമിനാറും സംഘടിപ്പിക്കുന്നു

മനാമ: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്ന തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ "ലോക ഭിന്നശേഷി " ദിനത്തോടനുബന്ധിച്ച് ചോയ്സ്അഡ്വർടൈസിങ് & പബ്ലിസിറ്റി, ലുലു ഹൈപ്പർ മാർക്കറ്റ്, ഇന്ത്യൻ സ്കൂൾ, ബഹ്‌റൈൻ മൊബിലിറ്റി ഇന്റർനാഷണൽ, ബഹ്റൈൻ കേരളീയ സമാജം എന്നിവരുടെ സഹകരണ ത്തോടെ സെമിനാറും ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കുന്ന ചിരിയിലേക്കുള്ള ദൂരം എന്ന നാടകവും ഒരുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 8 മുതൽ 13 വരെ ബഹ്റൈനിലെ വിവിധ വേദികളിൽ (ഇന്ത്യൻ സ്കൂൾ, ബഹ്‌റൈൻ കേരളീയ സമാജം, ലുലു ഓഡിറ്റോറിയം, ബഹ്‌റൈൻസാംസ്കാരിക കേന്ദ്രം) വച്ചായിരിക്കും പരിപാടികൾ അരങ്ങേറുക .ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കണ്ണൂർ, കോഴിക്കോട്, എടച്ചേരി, വടകര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന തണലിൽ ആറോളം സ്കൂളുകളിലായി ഏകദേശം 700ലധികം കുട്ടികളാണുള്ളത്. ഇവരെ വിവിധ ചികിത്സാരീതികളിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള കഠിന പ്രയത്നത്തിലാണ് തണൽ ഏർപ്പെട്ടിരിക്കുന്നത്.
അതിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തിലുള്ള റിസർച്ച് ആൻഡ് റി ഹാബിലിറ്റേഷൻ സ്കൂൾ ക്യാംപസിനായുള്ള പ്രവർത്തനങ്ങൾ സജജമായിക്കഴിഞ്ഞു. നിലവിലുള്ള സ്ഥാപനങ്ങളിൽ എഴുന്നൂറിലധികം കുട്ടികൾ ജീവിക്കാനുള്ള സ്വാഭാവിക പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്.
ഇവരുടെ പുനരധിവാസത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പരിപാടികൾ നടത്തുന്നതെന്ന് തണൽ ചെയർമാൻ ഡോ ഇദ്രിസ് പറഞ്ഞു. ജനുവരി 9 നു ബുധനാഴ്ച്ച രാവിലെ 10:30 മുതൽ 01:00 മണിവരെ ഇസാടൗൺ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന "സമത്വം ഭിന്നശേഷിക്കാർക്കും" എന്ന സെമിനാറിൽ പ്രശസ്ത വ്യക്തിത്വങ്ങളായ ഡോ. അന്ന ക്ലമന്റ്, അഭിഭാഷക സ്‌മിത നിസാർ, റിട്ടയേർഡ് ജഡ്ജിമാർ, പത്രപ്രവർത്തകർ, സാംസ്കാരിക നായകന്മാർ വിദ്യാർത്ഥികൾ, അധ്യാപകന്മാർ എന്നിവർ ഇത് സംബന്ധിച്ച് വിഷയങ്ങൾ അവതരിപ്പിക്കും.
ജനുവരി 10 വ്യാഴാഴ്ച്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് 'ചിരിയിലേക്കുള്ള ദൂരം' എന്ന സോഷ്യൽ ഡ്രാമ അരങ്ങേറും. തുടർദിവസങ്ങളിൽ ലുലു ഓഡിറ്റോറിയം, ബഹ്‌റൈൻ സാസ്കാരികകേന്ദ്രം എന്നിവിടങ്ങളിലായിരിക്കും പരിപാടികൾ അവതരിക്കപ്പെടുക. ഇന്ത്യക്ക്പുറത്ത് ആദ്യമായി അവതരിപ്പിക്കപ്പെടുന്ന പരിപാടി ഇംഗ്ളീഷ്, മലയാളം ഭാഷകളിലാണ് അവതരിപ്പിക്കുന്നത്. തണൽ ചെയർമാൻ ഡോ. ഇദ്രീസ്, ദീപു തൃക്കോട്ടൂർ, സോമൻ ബേബി, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എം പി രഘു, റസാക്ക് മൂഴിക്കൽ, ജയഫർ മൈദാനി, യു കെ ബാലൻ, റഷീദ് മാഹി , റഫീക്ക് അബ്ദുല്ല, ഡോ. ജോർജ് മാത്യു, അബ്ദുൽ മജീദ് തെരുവത്ത്, ആർ. പവിത്രൻ. കെ ആർ ചന്ദ്രൻ. എ പി ഫൈസൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
മുജീബ് മാഹി, ലത്തീഫ് ആയഞ്ചേരി, ശ്രീജിത്ത് കണ്ണൂർ, ജമാൽ കുറ്റിക്കാട്ടിൽ, ഫൈസൽ പാട്ടാണ്ടി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ഇബ്രാഹിം വില്ല്യാപ്പള്ളി, അലി കോമത്ത്, പി ടി ഹുസൈൻ, സത്യൻ പേരാമ്പ്ര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു