ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ബഹ്‌റൈൻ (ബി.യു.ബി) ഉദ്ഘാടനം ചെയ്തു
മനാമ : ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഓഫ് ബഹ്‌റൈന്റെയും മാഞ്ചസ്റ്ററിലെ സാൽഫോർഡ് യൂണിവേഴ്സിറ്റിയുടെയും പിന്തുണയോടെ ഈ വർഷം അവസാനത്തോടെ പുതിയ യൂണിവേഴ്സിറ്റി തുറക്കും. ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ബഹ്‌റൈൻ ‘(ബി.യു.ബി) എന്ന പദ്ധതി യോർക്ക് ഡ്യൂക് പ്രിൻസ് ആൻഡ്രൂ ഇന്നലെ ഉദ്ഘാടനം ചെയ്തു. 200 വർഷത്തിലധികമായി ഇരുരാജ്യങ്ങളും തുടർന്ന് വരുന്ന ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പദ്ധതിയുടെ ഉദ്ഘാടനമെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ യൂണിവേഴ്‌സിറ്റി മൂല്യവത്തായ സംഭാവനകൾ നൽകുമെന്ന് യോർക്ക് ഡ്യൂക് പ്രിൻസ് ആൻഡ്രൂ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സാൽഫോർഡ് യൂണിവേഴ്സിറ്റി അഭിപ്രായപ്രകാരം ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ബഹ്‌റൈൻ (ബി.യു.ബി) പുതിയ ക്യാന്പസിൽ ബിരുദ പ്രോഗ്രാമുകൾ വ്യാപിപ്പിക്കും. എൻജിനീയറിംഗ്, ബിൽറ്റ് എൻവയോൺമെന്റ്, കന്പ്യൂട്ടർ സയൻസ്, ബിസിനസ് എന്നീ ശാഖകളാകും ഉണ്ടാകുക.
പ്രമുഖ അന്തർദേശീയ യൂണിവേഴ്സിറ്റികളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ അനന്ത വിദ്യാഭ്യാസ സാധ്യതകൾ വർദ്ധിപ്പിക്കാനുള്ള ബഹ്‌റൈൻ ഹയർ എജ്യൂക്കേഷൻ കൗൺസിലിന്റെ താൽപ്പര്യത്തിന്റെ ഭാഗമായാണ് പുതിയ യൂണിവേഴ്സിറ്റി ആരംഭിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

