അശ്രദ്ധമായ ഡ്രൈവിംഗ് : ഡ്രൈവർക്ക് ആറ് മാസം തടവ്
മനാമ : കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും അപകടമുണ്ടാക്കുന്നതരത്തിൽ അശ്രദ്ധമായി വാഹനമോടിച്ച ബഹ്‌റൈൻ സ്വദേശിയായ ഡ്രൈവർക്ക് ആറു മാസത്തെ തടവ് വിധിച്ചു. സനാദിന് സമീപം അപകടകരമായ രീതിയിൽ വാഹനം ഡ്രിഫ്റ്റ് ചെയ്ത 18 കാരനായ ഡ്രൈവർക്കാണ് ശിക്ഷ. പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാനും കോടതി തീരുമാനിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
മാർച്ച് 23 ന് ഇസ്റ്റിക്ഖ്ലാൽ ഹൈവേയും മഹ്സൂറ അവന്യൂവും കൂടിച്ചേരുന്ന ജംഗ്ഷനിലാണ് സംഭവം നടന്നത്. ഡ്രൈവർ ടയർ സ്‌മോക്കിങ് നടത്തുന്ന വീഡിയോ പ്രാദേശിക സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അനധികൃതമായി കാർ സ്റ്റണ്ട് നടത്തിയ ഡ്രൈവർ വണ്ടിയുടെ നന്പർ പ്ലേറ്റുകൾ തുണി ഉപയോഗിച്ച് മൂടിവെച്ചിരുന്നുവെന്ന് ട്രാഫിക് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ചീഫ് അറ്റോർണി മുഹമ്മദ് അൽ ദഹറാനി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
റിഫയിലെ ഹിജ്ജിയത്തിന് സമീപത്തുനിന്നും വാഹനം കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം, ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷനുമുന്നിൽ ഹാജരാക്കുകയും ചെയ്തു. തനിക്കെതിരെയുള്ള ആരോപണങ്ങൾ പ്രതി സമ്മതിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി ഡ്രൈവറെ കസ്റ്റഡിയിൽ വയ്ക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
അനധികൃത കാറോട്ട മത്സരങ്ങളും സ്റ്റണ്ടുകളും വർദ്ധിച്ചതോടെ ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടപടികൾ കർശനമാക്കിയിട്ടുണ്ട്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതരത്തിലുള്ള വീഡിയോകൾ ഇന്റർനെറ്റിൽ പോസ്റ്റുചെയ്യുന്ന ഡ്രൈവർമാരേ അറസ്റ്റുചെയ്യുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നേരത്തെ പ്രഖ്യാപിച്ചി രുന്നു.

