മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചു: ഭോപ്പാൽ എയിംസിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം


ഷീബ വിജയൻ

ഭോപ്പാൽ എയിംസ് ആശുപത്രിയിൽ മരുന്നിന് പകരം ഫോർമാലിൻ മാറി കുത്തിവെച്ചതിനെ തുടർന്ന് രക്താർബുദ ബാധിതനായ മൂന്ന് വയസുകാരൻ മരണപ്പെട്ടു. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ നിന്നുള്ള സാർഥക് യാദവ് എന്ന കുട്ടിയാണ് ചികിത്സാപ്പിഴവ് മൂലം ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ രണ്ട് നഴ്സുമാർക്കെതിരെ പോലീസ് കേസെടുത്തു. മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ ആശുപത്രി അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ബയോപ്സി സാമ്പിളുകൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും മനുഷ്യശരീരത്തിന് അതീവ മാരകവുമായ ഫോർമാലിൻ എന്ന രാസവസ്തുവാണ് കുട്ടിക്ക് മാറി നൽകിയത്. സിറിഞ്ചിൽ ഇരിക്കുന്നത് ഡോക്ടർ നിർദേശിച്ച മരുന്നല്ലെന്ന് കുട്ടിയുടെ പിതാവ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അത് വകവെക്കാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് കുത്തിവെപ്പ് നടത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാഗ്സേവാനിയ പോലീസ് നഴ്സുമാരായ മധുബാല ശർമ, അനുക ഗുജറാത്തി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ മധുബാല ശർമയാണ് കുട്ടിയെ കുത്തിവെച്ചത്. വാർഡിൽ രാസവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് അനുക ഗുജറാത്തിക്കെതിരെ കേസ്. സംഭവത്തെ തുടർന്ന് എയിംസ് മാനേജ്മെന്റ് ഇവരെ രണ്ടുപേരെയും ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. രക്താർബുദം ബാധിച്ച് നില ഗുരുതരമായതിനെ തുടർന്ന് 2025 ഡിസംബർ 15-നാണ് കുട്ടിയെ ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed