വിവ ക്യാഷ് ആരംഭിച്ചു
മനാമ : വിവ ബഹ്‌റൈൻ വിവ ക്യാഷ് ആരംഭിച്ചു. ദൈനംദിന പണമിടപാടുകാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഡിജിറ്റൽ മൊബൈൽ വാലറ്റ് പ്രദാനം ചെയ്യുന്ന പുതിയ ആപ്ലിക്കേഷനാണ് വിവ ക്യാഷ്. ബഹ്‌റൈൻ സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സദാദ് ബഹ്‌റൈനുമായി സഹകരിച്ചാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.
ആപ്പിൾ സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ ആപ്ലിക്കേഷൻ സൗജന്യമായി ലഭിക്കും. വിവ ക്യാഷ് ഉപയോക്താക്കൾക്ക് ബഹ്‌റൈനിലെ 800ൽപരം വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ഷോപ്പിങ് നടത്താനുമാകും. വേഗത്തിലും സുരക്ഷിതമായും എളുപ്പത്തിൽ പണമിടപാടുകൾ നടത്താനാകുമെന്ന് ആപ്ലിക്കേഷൻ ഉറപ്പുനൽകുന്നു.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലേയ്ക്ക് പണമയക്കുന്നതിന് ഹ്രസ്വകാലത്തേയ്ക്ക് ഫീസ് നൽകേണ്ടതില്ല. ഈ മേഖലയിൽ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകുന്നതിലൂടെ ബഹ്‌റൈനെ ആഗോളതല ഭൂപടത്തിൽ ഫിൻ−ടെക് ഹബ്ബായി മാറ്റുകയാണ് വിവ ബഹ്‌റൈൻ ലക്ഷ്യമിടുന്നതെന്ന് വിവ ബഹ്‌റൈൻ സി.ഇ.ഒ യുലിയാൻ അൽ വെറ്റൈഡ് പറഞ്ഞു.
വിവ ക്യാഷ് ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ബഹ്‌റൈനിലെ സദാദിന്റെ മെഷിനുകൾ വഴിയോ അവരുടെ അക്കൗണ്ടിലേയ്ക്ക് പണം ഡിപ്പോസിറ്റ് ചെയ്യാം. ഗതാഗത− ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രി കമൽ ബിൻ അമ്മദ് മുഹമ്മദ്, സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ ഗവർണർ റഷീദ് മുഹമ്മദ് അൽ മരാജ്, സദാദ് ചെയർമാൻ ഷെയ്ഖ് അലി ബിൻ അബ്ദുള്ള അൽ ഖലീഫ തുടങ്ങിയവർ ഉദ്‌ഘാടനത്തിൽ പങ്കെടുത്തു.

