കെ.എം.സി.സിക്ക് എൽ.എം.ആർ.എയുടെ ആദരം
മനാമ : കെ.എം.സി.സിക്ക് ബഹ്റൈൻ ഗവൺമെന്റ് സ്ഥാപനമായ എൽ.എം.ആർ.എയുടെ ആദരം. രാജ്യത്തെ പ്രവാസികൾക്കായി നടപ്പിൽ വരുത്തിയ പൊതുമാപ്പിന്റെ വേളയിലും, പുതിയ വിസ പദ്ധതിയായ ഫ്ളെക്സി വിസ നടപ്പിൽ വരുത്തിയപ്പോഴും വിജയകരമായ പ്രചരണ ക്യാന്പയിനിലൂടെ കൂടെനിന്ന് പ്രവർത്തനം നടത്തിയതിനെ പ്രശംസിച്ചുകൊണ്ട് കെ.എം.സി.സി ബഹ്റൈനിനെ മൊമെന്റോ നൽകി എൽ.എം.ആർ.എ ആദരിച്ചു. എൽ.എം.ആർ.എ, സി.ഇ.ഒ ഒസാമ ബിൻ അബ്ദുള്ള അൽ അബ്സിയിൽ നിന്നും കെ.എം.സി.സി ബഹ്റൈൻ പ്രസിഡണ്ട് എസ്.വി ജലീലും, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി.
ബഹ്റൈനിലെ പ്രവാസി സംഘടനകളിൽ വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ കെ.എം.സി.സി ഏറ്റെടുത്ത പ്രവർത്തനങ്ങൾ വളരെ അടുക്കും ചിട്ടയോടെയും നടത്തി പദ്ധതികളുടെ വിജയത്തിന് മുതൽ കൂട്ടായതായി ഒസാമ ബിൻ അബ്ദുള്ള അൽ അബ്സി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ പോലും പ്രശംസക്ക് പ്രേരകമായിരിക്കുകയാണ് ഫ്ളെക്സി വിസയെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിന്റെ വികസനത്തിന് പ്രവാസികളും പ്രവാസി സംഘടനകളും നടത്തുന്ന സേവനങ്ങളെ പ്രകീർത്തിച്ച അദ്ദേഹം ഇനിയും കെ.എം.സി.സിയുമായി ഒരുമിച്ചു പോകുമെന്നും രാജ്യസേവനത്തിൽ സംഭാവനകൾ അർപ്പിക്കുവാൻ കെ.എം.സി.സിക്ക് ഇനിയും സാധിക്കട്ടെ എന്നും ആശംസിച്ചു. കെ.എം.സി.സി വൈസ് പ്രസിഡണ്ടും എൽ.എം.ആർ.എ പ്രവർത്തനങ്ങളുടെ കോ-ഒാർഡിനേറ്ററുമായ ഷാഫി പറക്കട്ടയെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. ഷാഫിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈനിലെ എല്ലാ പ്രദേശങ്ങളിലും കെ.എം.സി.സി ജില്ലാ, ഏരിയ കമ്മിറ്റികൾ മുഖേന സജീവമായ പ്രവർത്തനങ്ങളിലൂടെ പൊതുമാപ്പിനെയും ഫ്ളെക്സി വിസയെയും കുറിച്ച് പ്രവാസികളുടെ ഇടയിൽ ബോധവൽക്കരണം നടത്തുവാനും പരിചയപ്പെടുത്തുവാനും കഴിഞ്ഞിരുന്നു. ഇതിനുവേണ്ടി എൽ.എം.ആർ.എ കണ്ടെത്തിയ ഏക പ്രവാസി സംഘടനയാണ് കെ.എം.സി.സി. വൈസ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം, സെക്രട്ടറി കെ.കെ. സി മുനീർ എൽ.എം.ആർ.എ ഒഫീഷ്യൽസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

