കാനൂ ഗ്രൂപ്പ് ചെയർമാനായി ഖാലിദ് മുഹമ്മദ് കാനുവിനെ നിയമിച്ചു
മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായ സംരംഭമായ യൂസഫ് ബിൻ അഹമ്മദ് കാനൂ ഗ്രൂപ്പിന്റെ പുതിയ ചെയർമാൻ ഖാലിദ് മുഹമ്മദ് കാനൂവിനെ നിയമിച്ചു. ബഹ്റൈനിലെ കാനൂ ഗ്രൂപ്പിന്റെ വിജയകരമായ ഭാവിക്ക് പ്രചോദനമാകാനും, 2020 വർഷത്തിൽ നടപ്പിലാക്കാൻ ഉദേശിക്കുന്ന പദ്ധതികൾ യാഥാർത്ഥ്യമാക്കാനും പുതിയ ചെയർമാന് സാധിക്കുമെന്ന് കാനു ഗ്രൂപ്പ് ഡയറക്ടർ ബോർഡ് അംഗങ്ങൾ പറഞ്ഞു. കാനൂ ഗ്രൂപ്പിന്റെ സുസ്ഥിരമായ വികസനം ലക്ഷ്യമാക്കി വിജയകരമായ പദ്ധതികൾ ഇനിയും തുടർന്ന് കൊണ്ട് പോകുന്നതിന്റെ ഭാഗമായി ലഭിച്ച നേതൃത്വത്തിൽ സന്തോഷമുണ്ടെന്നും പുതിയ ചെയർമാനായ ഖാലിദ് എം. കാനൂ പറഞ്ഞു.
ബഹ്റൈനിലും പുറത്തുമായി നിരവധി മേഖലകളിൽ ഔദ്യോദിക പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് ഖാലിദ് മുഹമ്മദ് കാനൂ. കൂടാതെ ബാങ്ക് തുടങ്ങി പല നിക്ഷേപ മേഖലകളിലും ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഹൗസ് ഓഫ് കാനൂ, ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ്, ആന്റ് ദ ഫ്യൂച്ചർ ചലഞ്ചസ് ഓഫ് ദ ചേബേഴ്സ് ഓഫ് ദ ഗൾഫ് കോർപ്പറേഷൻ കൗൺസിൽ കൺട്രീസ് എന്ന രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല അറിയപ്പെടുന്ന ഒരു വിഷ്വൽ ആർട്ടിസ്റ്റ് കൂടിയാണ് ഖാലിദ് മുഹമ്മദ് കാനൂ. മിഡിൽ ഈസ്റ്റിൽ 128 വർഷത്തെ പ്രവർത്തന പാരന്പര്യമുള്ള വ്യവസായ സംരംഭമാണ് കാനൂ ഗ്രൂപ്പ്.

