പ്രതിരോധ സേനയ്ക്ക് ഹമദ് രാജാവിന്റെ പ്രശംസ
മനാമ: രാജ്യത്തെ സംരക്ഷിക്കുന്നതിനും പൗരൻമാരുടെയും ജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമായി ബഹ്റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്)യിലെ ഉദ്യോഗസ്ഥർ നടത്തുന്ന ശ്രേഷ്ഠമായ പരിശ്രമങ്ങളെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ പ്രശംസിച്ചു. ബഹ്റൈൻ പ്രതിരോധ സേനയുടെ അന്പതാം വാർഷികത്തോടനുബന്ധിച്ച് നടന്ന സ്പോർട്സ് ചാന്പ്യൻഷിപ്പിന്റെ സമാപന ചടങ്ങുകളിൽ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാന്പ്യൻഷിപ്പിൽ പങ്കെടുത്തവരുടെ കഴിവ്, ബി.ഡി.എഫിന്റെ സൈനിക കാര്യക്ഷമതയെയും മത്സരത്തോടുള്ള പ്രതിബദ്ധതയെയുമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കിംഗ്സ് മിലിട്ടറി ക്രോസ് കൺട്രി ചാന്പ്യൻഷിപ്പിൽ, വാർഷിക ഷൂട്ടിംഗ് മത്സരം, ടഗ് ഓഫ് വാർ ചാന്പ്യൻഷിപ്പ്, ഇലക്ട്രോണിക് ഷൂട്ടിംഗ് റേഞ്ചിൽ സൗജന്യ പാരച്യൂട്ടിംഗ് എന്നീ മത്സരങ്ങൾ നടന്നു. ഹമദ് രാജാവ്, വിജയികൾക്ക് ട്രോഫികളും അവാർഡുകളും സമ്മാനിച്ചു. വിവിധ പ്രാദേശിക, അന്തർദേശീയ മത്സരങ്ങളിൽ ബി.ഡി.എഫിന്റെ നേട്ടങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ്, ഫീൽഡ് മാർഷൽ, ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ ഇസ അൽ ഖലീഫ, ലഫ്റ്റനന്റ് ജനറൽ യൂസഫ് ബിൻ അഹ്മദ് അൽ ജലാഹ്മ, ചീഫ് ഓഫ് സ്റ്റാഫ് ദയാബ് ബിൻ സഖ്ർ അൽ നുഐമി, മറ്റ് മുതിർന്ന ബി.ഡി.എഫ് ഓഫീസർമാർ എന്നിവർ ചേർന്നാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഹമദ് രാജാവിനെ സ്വാഗതം ചെയ്തത്.

