എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ അഫ്സലിനെ സന്ദർശിച്ചു
മനാമ: എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ബഹ്റൈനിൽ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ അഫ്സലിനെ സൽമാനിയ ആശുപത്രിയിൽ ചെന്ന് സന്ദർശിച്ചു. “കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം” എന്ന സന്ദേശമുയർത്തി നടത്തിയ ആശുപത്രി സന്ദർശനം പ്രധാനമായും സൽമാനിയ മെഡിക്കൽ സെന്റർ കേന്ദ്രീകരിച്ചാണ് നടത്തിയത്.
മനാമയിൽ മോഷ്ടാക്കളുടെ അക്രമത്തിൽ പരിക്കേറ്റ് സൽമാനിയ ആശുപത്രിയിൽ കഴിയുന്ന അഫ്സൽ അടക്കമുള്ള നിരവധി രോഗികളെ സംഘം സന്ദർശിച്ചു. അഫ്സലിന് പ്രഥമ ഘട്ട സഹായമായി സംഘടനയുടെ സഹചാരി റിലീഫ് സെല്ലിൽ നിന്നും 25,000 രൂപ അനുവദിച്ചു. കൂടാതെ മറ്റ് രോഗികളിൽ നിന്നും അർഹരായവരെയെല്ലാം റിലീഫ് സെല്ലിൽ ഉൾപ്പെടുത്തി വീൽ ചെയർ അടക്കമുള്ള സംവിധാനങ്ങൾ നൽകാനുള്ള സന്നദ്ധതയും സംഘം ആശുപത്രി അധികൃതരെ അറിയിച്ചു.
ഓരോ രോഗിയെയും സന്ദർശിച്ച് ആശ്വാസം പകർന്നും പ്രാർത്ഥന നടത്തിയുമാണ് സംഘം മടങ്ങിയത്. സമസ്ത ബഹ്റൈൻ കോ-ഓർഡിനേറ്റർ റബീഹ് ഫൈസി അന്പക്കടവിന്റെ നേതൃത്വത്തിലായിരുന്നു ആശുപത്രി സന്ദർശനം. ഭാരവാഹികളായ നവാസ് കുണ്ടറ, സജീർ പന്തക്കൽ, മുഹമ്മദ് മോനു, ജാഫർ കണ്ണൂർ എന്നിവർക്ക് പുറമെ മൗസൽ മൂപ്പൻ തിരൂർ ആമിർ ഗുദൈബിയ, അഫ്സൽ ഗുദൈബിയ, മിദ്ഹാൻ ഗുദൈബിയ, അബ്ദുൽ സമദ് വയനാട്, ഖാലിദ് ഹാജി, ലത്തീഫ് തങ്ങൾ എന്നിവരടങ്ങുന്ന വിഖായ ടീം അംഗങ്ങളും ആശുപത്രി സന്ദർശനത്തിൽ പങ്കെടുത്തു.

