മരി­ച്ച ബഹ്‌റൈൻ പ്രവാ­സി­യു­ടെ­ ബാ­ങ്ക് നി­ക്ഷേ­പം മൂ­ന്ന് വർ­ഷത്തിന് ശേ­ഷം മാ­താ­വിന് ലഭിച്ചു


മനാമ: ബഹ്‌റൈനിൽ ജോലി ചെയ്യവേ 2014ൽ വൃക്കരോഗം മൂലം മരിച്ച കണ്ണൂർ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം മൂന്ന് വർഷങ്ങൾക്ക് ശേഷം മാതാവിന് ലഭിച്ചു. നെക്സസ് ഇൻഷൂറൻസ് കന്പനിയിൽ ജോലിയിലിരിക്കെ മരണപ്പെട്ട ബഹ്‌റൈൻ പ്രവാസിയായിരുന്ന കണ്ണൂർ ചാല ചെക്കണ്ടിപ്പറന്പിൽ സലീൽ നായരുടെ മാതാവ് സതിയുടെ അക്കൗണ്ടിലേയ്ക്കാണ് അഹ്−ലി യുണൈറ്റഡ് ബാങ്കിൽ നിന്നും 3.45 ലക്ഷം രൂപ സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിലൂടെ അയച്ചിരിക്കുന്നത്.

2014 ഡിസംബർ 9നായിരുന്നു സലീൽ സൽമാനിയ ആശുപത്രിയിൽ െവച്ച് മരിച്ചത്. സാമൂഹ്യപ്രവർത്തകനായ സുബൈർ കണ്ണൂരിന്റെ നേതൃത്വത്തിലാണ് മൃതദേഹം കണ്ണൂരിലേയ്ക്ക് അയച്ചത്. കൂടെ സലീലിന്റെ താമസസ്ഥലത്തുണ്ടായിരുന്ന സർട്ടിഫിക്കറ്റുകളും മറ്റ് സാധനങ്ങളും അയച്ചിരുന്ന കൂട്ടത്തിൽ അഹ്‍−ലി ബാങ്കിന്റെ എ.ടി.എം കാർഡും ഉണ്ടായിരുന്നു. അന്ന് മൃതദേഹം കൊണ്ടുപോകാനുള്ള രേഖകളെല്ലാം ശരിയാക്കി അയച്ചത് സലീലിന്റെ സഹോദരനായിരുന്നു. 

2016 ഡിസംബറിൽ ബഹ്‌റൈനിലുണ്ടായിരുന്ന സുബൈർ കണ്ണൂരിനെ സലീലിന്റെ സഹോദരൻ സശ്രീൽ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് സലീലിന്റെ വശമുണ്ടായിരുന്ന എ.ടി.എം കാർഡിനെ കുറിച്ചും ബാങ്കിൽ ഉണ്ടാകാനിടയുള്ള നിക്ഷേപത്തെ കുറിച്ചും സംശയം പ്രകടിപ്പിച്ചത്. അതേപ്പറ്റി അന്വേഷിക്കാമെന്നും മാർച്ചിൽ കണ്ണൂരിൽ െവച്ച് കാണാമെന്നും സുബൈർ വീട്ടുകാർക്ക് ഉറപ്പുകൊടുക്കുകയും ചെയ്തു. തുടർന്ന് നാട്ടിലെത്തിയ സുബൈറിനെ സശ്രീൽ നേരിട്ട് കാണുകയും തെളിവായി ആകെ ഉണ്ടായിരുന്ന എ.ടി.എം കാർഡ് കോപ്പി സുബൈറിന് കൈമാറുകയും ചെയ്തു. 

സുബൈർ പിന്നീട് ബഹ്‌റൈനിലെ മറ്റൊരു സാമൂഹ്യ പ്രവർത്തകനായ സുധീർ തിരുനിലത്തിന് വിവരം കൈമാറിയതോടെ അദ്ദേഹം അഹ്−‍ലി യുണൈറ്റഡ് ബാങ്കുമായി ബന്ധപ്പെട്ടു. തുടർന്ന് സലീലിന്റെ മാതാവിന്റെ അപേക്ഷ ബാങ്കിന് സമർപ്പിക്കുകയും അവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോട്ടറി അറ്റസ്റ്റ് ചെയ്ത പ്രസ്താവന, മരണ സർട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം ബാങ്കിന് സമർപ്പിക്കുകയും ചെയ്തു. എ.ടി.എം കാർഡ് നന്പർ ഉപയോഗിച്ച് ബാങ്ക് നടത്തിയ പരിശോധനയിൽ സലിലിന്റെ അക്കൗണ്ടിൽ 3.45 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് കണക്കായ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അവകാശികൾ ആരും ഇല്ലാതെ പാഴായി പോകുമായിരുന്ന ഈ നിക്ഷേപം നിയമപരമായ രേഖകൾ എല്ലാം സമർപ്പിക്കപ്പെട്ടതോടെ ബാങ്ക് സലീലിന്റെ മാതാവ് സതിയുടെ കണ്ണൂരിലെ ഫെഡറൽ ബാങ്ക് ശാഖയിലേയ്ക്ക് ട്രാൻസ്‌ഫർ ചെയ്യുകയായിരുന്നു.

മറ്റുള്ളവരുടെ ആരോഗ്യം ഇൻഷൂർ ചെയ്യാൻ എന്നും ഉത്സാഹം കാണിച്ചിരുന്ന, ഇൻഷൂറൻസ് കന്പനിയിൽ തന്നെ ജോലി ചെയ്ത തന്റെ മകന്റെ സന്പാദ്യം തങ്ങൾക്ക് ലഭിക്കാൻ വേണ്ടി അക്ഷീണം യത്നിച്ച സാമൂഹ്യപ്രവർത്തകരായ സുബൈർ കണ്ണൂരിനും, സുധീർ തിരുനിലത്തും സലീലിന്റെ കുടുംബാംഗങ്ങൾ നന്ദി പറഞ്ഞു.

അവകാശികളുടെ പേരില്ലെങ്കിൽ കടന്പകളേറെ

ബഹ്റൈനിൽ വെച്ച് മരിക്കുന്ന പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ അവകാശിയുടെ പേര് നൽകിയില്ലെങ്കിൽ ബാങ്ക് നിക്ഷേപം വീട്ടുകാർക്ക് ലഭിക്കുന്നതിന് ഏറെ തടസ്സങ്ങളാണ്‌ ഉണ്ടാകുന്നതെന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്. ബാങ്ക് രേഖയിൽ അവകാശികളുടെ പൂർണ്ണ വിവരം ഉണ്ടെങ്കിൽ മൃതദേഹം അയക്കുന്നതോടൊപ്പം ബാങ്ക് അക്കൗണ്ടും റദ്ദ് ചെയ്‌ത് ഉടൻതന്നെ പണം അവകാശിക്ക് ലഭിക്കുന്ന രീതിയിൽ നിയമനടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സലീലിന്റെ കാര്യത്തിന് വേണ്ടി പ്രവർത്തിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചതെന്ന് സുധീർ തിരുനിലത്ത് പറഞ്ഞു. മരിച്ച നിരവധി പേരുടെ നിക്ഷേപം ഇപ്പോഴും ചിലപ്പോൾ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നുണ്ടാകാം. സലീലിന്റെ സഹോദരൻ ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിക്കുകയും ബാങ്ക് എ.ടി.എം കാർഡ് കണ്ടെത്തുകയും ചെയ്തതുകൊണ്ട് മാത്രമാണ് വീട്ടുകാർക്ക് ഈ തുക ലഭിക്കാൻ ഇടയായതെന്നും അദ്ദേഹം പറഞ്ഞു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed