അന്താരാഷ്ട്ര വേദികളിലെ രാഷ്ട്രനായകന്റെ പരിവേഷമായിരുന്നു ഇ.അഹമ്മദ് : പി.എം. സാദിഖലി
മനാമ : അന്താരാഷ്ട്ര വേദികളിൽ രാഷ്ട്രനായകന്റെ പരിവേഷമായിരുന്നു മുസ്ലീം ലീഗ് മുൻ ദേശീയ പ്രസിഡണ്ടും മുൻ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായിരുന്ന ഇ. അഹമ്മദെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം സാദിഖലി അഭിപ്രായപ്പെട്ടു. കെ.എം.സി.സി ബഹ്‌റൈൻ മനാമ സാന്റോക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇ. അഹമ്മദ് ഒന്നാം ചരമ വാർഷിക അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കൊപ്പം നടന്ന പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ്. എന്നാൽ മുസ്ലീം ലീഗിന്റെ ഒപ്പം നടന്ന ഏറ്റവും ഒടുവിലത്തെ നേതാവാണ് ഇ. അഹമ്മദെന്നും മുസ്ലീംലീഗ് പിറവിയെടുത്തത് മുതൽ പാർട്ടിക്കൊപ്പം നടന്ന മഹാരാധനായ നേതാവാണെന്നും പി.എം സാദിഖലി അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.എം സാദിഖലിക്ക് കെ.എം.സി.സി ബഹ്‌റൈൻ ഉപഹാരം നൽകി. സയ്യിദ് ഫഖ്‌റുദീൻ കോയാ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഒ.ഐ.സി.സി ഗ്ലോബൽകമ്മിറ്റി പ്രസിഡണ്ട് രാജുകല്ലുംപുറം, അബ്രഹാം ജോൺ, എം. എക്സ് ജലീൽ, ജോൺ ഐപ്പ്, സി.കെ അബ്ദുൽ റഹുമാൻ തുടങ്ങിയവർ അനുസ്മരണം നടത്തി. വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.

