ബുരി പൈപ്പ് ലൈൻ സ്ഫോടനം : നാല് പേർ അറസ്റ്റിൽ
മനാമ : 2017 നവംബർ 10ന് വടക്കൻ ഗവർണറേറ്റിലെ ബുരി ഗ്രാമത്തിന് സമീപം നടന്ന പൈപ്പ് ലൈൻ സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് കരുതുന്ന തീവ്രവാദ ഗ്രൂപ്പിലെ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഫാദൽ മുഹമ്മദ് ജാഫർ അലി (23, ഡ്രൈവർ) അൻവർ അബ്ദുൾ അസീസ് മുസാ ജാഫർ മുഷൈമ (24, സ്വകാര്യ കന്പനിയിലെ ജീവനക്കാരൻ) മുഹമ്മദ് അബ്ദുള്ള ഇസ അബ്ദുള്ള മഹ്രൂസ് (27, കന്പനി ജീവനക്കാരൻ), അദൽ അഹമ്മദ് അലി അഹ്മദ് സലേഹ് (23, കന്പനി ജീവനക്കാരൻ) എന്നിവരാണ് അറസ്റ്റിലായത്. ദേശീയ സുരക്ഷ നിലനിർത്തുകയും ഭീകരപ്രവർത്തനങ്ങളെ തടയും ചെയ്യുക എന്ന നടപടിയുടെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആക്രമണം നടത്തുക, പദ്ധതി ആസൂത്രണം ചെയ്യുക എന്നിവയിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യാൻ തുടർ നടപടികൾ നടന്നുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹബീബ് അബ്ദുൾ ലത്തീഫ് മഹ്ദി (19), ഇറാൻ സ്വദേശി അബ്ദുല്ല ജാഫർ അഹ്മദ് അൽ മദനി (34) മുഹമ്മദ് അലി ഇബ്രാഹിം ഖലീൽ (35) എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്.
വടക്കൻ ഗവർണറേറ്റിലെ സൂഖ് വഖീഫ് ഏരിയ, ഹമദ് ടൗൺ എന്നിവക്ക് സമീപമുള്ള ബുരിക്ക് സമീപമുള്ള എണ്ണ പൈപ്പ് ലൈനിൽ നവംബർ 10ന് സ്‌ഫോടനമുണ്ടായി. രാജ്യത്തിന്റെ പരമോന്നത താൽപ്പര്യങ്ങളെയും ജനങ്ങളുടെ സുരക്ഷയെയും ലക്ഷ്യംവെച്ചാണ് ഭീകരാക്രമണം നടത്തിയത്. സ്‌ഫോടനത്തെ തുടർന്നുണ്ടായ അഗ്നിബാധ ആഭ്യന്തരമന്ത്രാലയത്തിലെ സിവിൽ ഡിഫൻസ് ഫോഴ്സ് സംഘവും പെട്രോളിയം മന്ത്രാലയവും നിയന്ത്രണവിധേയമാക്കി.
ഇറാനിൽ താമസിക്കുന്ന തീവ്രവാദികളുടെ സഹായത്തോടെ ഇറാൻ റെവല്യൂഷനറി ഗാർഡ് ക്യാന്പുകളിൽ തീവ്രവാദ പരിശീലനം നേടിയവരാണ് ആക്രമണത്തിന് പിന്നിൽ. മതപരമായ സന്ദർശനമെന്ന പേരിലാണ് ബഹ്‌റൈനിലേയ്ക്ക് ഭീകരരെ റിക്രൂട്ട് ചെയ്യുന്നത്. ബോംബ് നിർമ്മാണം, ഗ്രനേഡുകളുടെ ഉപയോഗം എന്നിവയിലാണ് ഇവർ പരിശീലനം നേടിയത്. രാജ്യത്തിന്റെ സന്പദ്ഘടനയേയും പൈപ്പ് ലൈനുകളും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
