കെ.സി.എ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി
മനാമ : ബഹ്റൈനിലെ മലയാളി കൂട്ടായ്മകളിൽ പ്രധാനപ്പെട്ട കേരള കാത്തലിക് അസോസിയേഷന്റെ ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലാവധി പൂർത്തിയാകുന്നതോടെ അടുത്ത തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മാത്യു ജോസഫിനെ തിരഞ്ഞെടുപ്പ് ഓഫീസറായി എക്സിക്യുട്ടീവ് കമ്മിറ്റി നിയമിച്ചു. ഡിസംബർ വരെയാണ് തിരഞ്ഞെടുത്ത കമ്മിറ്റികളുടെ കാലാവധി എങ്കിലും മാർച്ച് വരെയും ഭരണസമിതി അധികാരത്തിൽ തുടരുന്ന പതിവാണ് കെ.സി.എയിൽ നേരത്തെ മുതൽക്കേ ഉള്ളത്.
പത്ത് എക്സിക്യുട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പത്ത് സ്ഥാനങ്ങളിൽ മാത്രം നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുകയാണെങ്കിൽ വോട്ടെടുപ്പില്ലാതെ തന്നെ ഭരണ സമിതി നിലവിൽ വരും. എന്നാൽ പതിനൊന്നോ അതിൽ കൂടുതലോ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കപ്പെടുകയാണെങ്കിൽ വോട്ടെടുപ്പിലൂടെ മാത്രമേ തിരഞ്ഞെടുപ്പ് നടത്താനാവുകയുള്ളൂ. അതല്ലെങ്കിൽ സമവായം ഉണ്ടാക്കേണ്ടി വരും. വോട്ടെടുപ്പ് നടക്കുന്നതാണ് ഇത്തരം സ്ഥാപനങ്ങളെ സംബന്ധിച്ച് നല്ലതെന്ന് ചില അംഗങ്ങൾ പറഞ്ഞു. 400ഓളം അംഗങ്ങളുള്ള കെ.സി.എയിൽ കൃത്യമായ വരിസംഖ്യ അടച്ചുകൊണ്ട് അംഗത്വം പുതുക്കി വോട്ടെടുപ്പിന് അർഹത നേടുന്നവർ 100ഓളം മാത്രമാണ്. ഒന്നിൽ കൂടുതൽ പാനൽ വരികയും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരികയും ചെയ്‌താൽ വോട്ടർമാർ അവരുടെ അംഗത്വം പുതുക്കാനുള്ള മുൻകൈ എടുക്കുകയോ, മത്സരത്തിൽ വോട്ട് ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികളെങ്കിലും പണമടച്ചു വോട്ടവകാശം നേടി കൊടുക്കുകയോ ചെയ്യും. ഫലത്തിൽ ഇതിലൂടെ സംഘടനയ്ക്ക് സാന്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യും.
നിലവിലെ ഭരണ സമിതി അംഗങ്ങൾ വീണ്ടും മത്സരിക്കുമോ എന്നുള്ള കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ നിലവിലെ ഭരണ സമിതി മത്സരിക്കുകയാണെങ്കിലോ, പുതിയ പാനൽ രംഗത്ത് വരികയാണെങ്കിലോ കഴിഞ്ഞ ഭരണസമിതിയിലെ മുതിർന്ന ഭാരവാഹി തനിയെ മത്സര രംഗത്തുണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. അദ്ദേഹത്തെ കൂടി ഉൾപ്പെടുത്തി 10 അംഗ പാനൽ ഉണ്ടാക്കി സമാവായതിനുള്ള സാധ്യത ഉണ്ടാകുമോ എന്നുള്ളതും കെ.സി.എയുടെ അംഗങ്ങൾക്കിടയിൽ ഇപ്പോൾ സജീവ ചർച്ചയിലാണ്.

