മനുഷ്യാവകാശ ലംഘനം : മാൻപവർ ഏജൻസികളുടെ പ്രവർത്തനം നിർത്തലാക്കി
മനാമ : മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് രണ്ട് മാൻ പവർ ഏജൻസികളുടെപ്രവർത്തനം നിർത്തലാക്കി. അമക്കെൻ മാൻ പവർ സർവ്വീസ്, അൽ മാഷ്‌ട്രിക് മാൻപവർ എന്നീ സ്ഥാപങ്ങളുടെ ലൈസൻസാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി റദ്ദാക്കിയത്. ഈ രണ്ട് സ്ഥാപനങ്ങൾ അനധികൃതമായി മനുഷ്യക്കടത്ത് നടത്തിയതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കന്പനിയുടെ ലൈസൻസ് റദ്ദാക്കിയതെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യുട്ടീവ് ഒസമാ അൽ ആബ്സി പറഞ്ഞു. അനധികൃതമായി പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും, ഇവയെ പറ്റി പരിശോധന നടത്താനുള്ള നിയമനടപടികൾ എൽ.എം.ആർ.എ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നത് ക്രിമിനൽ കുറ്റമാണ്. അംഗീകൃത ഏജൻസികൾക്ക് മാത്രമേ രാജ്യത്തിന് അപ്പുറത്തുള്ള റിക്രൂട്ട്മെന്റ്കൾക്ക് അവകാശമുള്ളൂ. പൊതുജനത്തിന്റെ ശ്രദ്ധയിലേക്കായി അംഗീകൃത മാൻപവർ ഏജൻസിയുടെ വിശദ വിവരങ്ങളും, ഫോൺ നന്പറുകളും എൽ.എം.ആർ.എ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അതിനാൽ ജനങ്ങൾക്ക് അംഗീകൃത ഏജൻസികളുമായി നേരിട്ട് ഇടപാടുകൾ നടത്തവുന്നതാണ്. ലിസ്റ്റിൽ ഇല്ലാത്ത അംഗീകൃതമല്ലാത്ത ഏജൻസികളുമായാണ് ബന്ധപ്പെടുന്നതെങ്കിൽ തുടർ നിയമ നടപടികളിൽ ഇവരും ഭാഗമാകും.
എൽ.എം.ആർ.എയുടെ വെബ്സൈറ്റിൽ നൂറ്റി പതിനൊന്ന് അംഗീകൃത മാൻപവർ ഏജൻസികളുടെ വിവരങ്ങൾ രേഖപെടുത്തിയിട്ടുണ്ട്. ഇവർക്ക് വീട്ടുവേലക്കാരെയും, വിദേശികളെയും, ബഹ്റൈനികളെയും റിക്രൂട്ട് ചെയ്യാനുള്ള നിയമപരമായ അവകാശം ഉണ്ട്. നിയമം അനുസരിച്ച് റിക്രൂട്ട്മെന്റ് ഏജൻസികളുടെ ലൈസൻസ് എടുക്കുന്നതിനും മറ്റുമായി പതിനായിരം ദിനാർ എൽ.എം.ആർ.എയിൽ അടയ്ക്കണം. ഈ നിക്ഷേപ തുക സ്ഥാപനം നിയമ ലംഘനം നടത്തിയാൽ വരുന്ന സാന്പത്തിക ബാധ്യത തീർക്കാൻ ഉപയോഗിക്കും. ഇത് വഴി ലൈസൻസ് റദ്ദാക്കുകയാണെങ്കിലും, പൊതുജനം നൽകിയ പണം തിരികെ ലഭിക്കാനും, നഷ്ടപരിഹാരത്തിനുമായിഎൽ.എം.ആർ.എയുടെ പ്ലാനിംഗ് ആന്റ് ലൈസൻസിങ് ഡിപ്പാർട്ട്മെന്റിനെ സമീപിക്കാവുന്നതാണ്.

