വിന്റർ ക്യാന്പുകൾ സംഘടിപ്പിച്ചു
മനാമ: സാഖീറിൽ പടവ് കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിന്റർ ക്യാന്പ് സംഘടിപ്പിച്ചു. ഈ വർഷത്തെ ക്യാന്പ് ബഹ്റൈൻ രാജകുടുംബാഗം ഷെയ്ഖ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ ഖലീഫ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ‘ആരോഗ്യവും ഭക്ഷണവും’ എന്ന വിഷയത്തെ കുറിച്ച് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. നജീബ് ക്ലാസ് എടുത്തു. തുടർന്ന് കുട്ടികൾക്കായി വിവിധയിനം കലാപരിപാടികൾ, ചിത്ര രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.
ഗ്ലോബൽ തിക്കോടിയൻസ് (ജി.ടി.എഫ്) ബഹ്‌റൈൻ ചാപ്റ്റർ കുടുംബാംഗങ്ങൾ സാഖീറിൽ വിവിധയിനം പരിപാടികളോടെ വിന്റർ ക്യാന്പ് നടത്തി. സെക്രട്ടറി അഫ്സൽ കെ.പി സ്വാഗതം പറഞ്ഞ പരിപാടി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രജീഷ്, രമേശ്, ജെ.പി.കെ തിക്കോടി, ബിജു, പ്രഭാകരൻ, രഞ്ജി സത്യൻ തുടങ്ങിയവർ ക്യാന്പിന് നേതൃത്വം നൽകി. തുടർന്ന് കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് വിവിധയിനം കലാപരിപാടികൾ അരങ്ങേറി.
മൈത്രി സോഷ്യൽ അസോസിയേഷൻ അംഗങ്ങൾക്കും സഹകാരികൾക്കുമായി ‘സൗഹൃദം കൂട്ടായ്മയിലൂടെ’ എന്ന തലക്കെട്ടിൽ വിന്‍റർ ക്യാന്പ് 2018 സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഷിബു പത്തനംതിട്ടയുടെ അദ്ധ്യക്ഷതയിൽ സഖീറിലെ പ്രത്യേകം തയ്യാറാക്കിയ ടെന്‍റിൽ ഒരുക്കിയ ക്യാന്പ് ആക്ടിങ് പ്രസിഡണ്ട് സഈദ് റമദാൻ നദ്−വി ഉദ്ഘാടനം ചെയ്തു.
പ്രവാസികൾ തമ്മിലുള്ള ബന്ധം വർദ്‍ധിപ്പിക്കുന്നതിനും പരസ്പരം കൈത്താങ്ങായി പ്രവർത്തിക്കുന്നതിനും എല്ലാവിധ കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങൾക്കും അതീതമായി ഒരുമിച്ചിരിക്കാനുള്ള വേദിയാണ് മൈത്രിയെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമായി വടം വലി, ക്വിസ് പ്രോഗ്രാം എന്നിവ നടത്തി. ക്യാന്പംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനം ഓർഗനൈസിങ് സെക്രട്ടറി നിസാർ കൊല്ലം വിതരണം ചെയ്തു.

