സ്കൂൾ പ്രവേശനത്തിന് നെട്ടോട്ടമോടി രക്ഷിതാക്കൾ
മനാമ: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ സ്‌കൂൾ പ്രവേശനത്തിന് രക്ഷിതാക്കൾ നെട്ടോട്ടമോടുകയാണ്. ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സ്‌കൂളായ ഇന്ത്യൻ സ്‌കൂളിൽ എൽ.കെ.ജി പ്രവേശനത്തിന് ഓൺ ലൈൻ സംവിധാനത്തിൽ ആദ്യദിവസം തന്നെ ആയിരക്കണക്കിന് രക്ഷിതാക്കളാണ് പേര് രജിസ്റ്റർ ചെയ്തതെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. ബഹ്‌റൈനിലെ പ്രമുഖ സ്വകാര്യ സ്‌കൂളുകളിലെല്ലാം മാസങ്ങൾക്ക് മുൻപേ തന്നെ പ്രവേശനം ആരംഭിച്ചുവെങ്കിലും സി.ബി.എസ്.ഇ കരിക്കുലത്തിൽ അദ്ധ്യയനം നടത്തുന്ന സ്വകാര്യ സ്‌കൂളുകളിലെ ഫീസ് ഘടന സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായതിനാലാണ് സാധാരണക്കാർ ഇത്തവണ കൂടുതലായി ഇന്ത്യൻ സ്‌കൂളിനെ ആശ്രയിക്കുന്നത്. സാന്പത്തിക പ്രതിസന്ധി ഏറെ അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ കുടുംബവുമായി താമസിക്കുന്ന പ്രവാസികൾക്ക് മുന്നിൽ സ്‌കൂൾ പ്രവേശനം വലിയ ഒരു ബാധ്യതയായി തീർന്നിരിക്കുകയാണ്.
കിന്റർ ഗാർട്ടണിൽ പ്രവേശനം നേടുന്ന ഒരു വിദ്യാർത്ഥിക്ക് ആദ്യ ടേമിലെ ഫീസ് അടക്കം 550 ദിനാറോളം ചില സ്വകാര്യ സ്‌കൂളുകൾ രക്ഷിതാക്കളിൽ നിന്ന് ഈടാക്കുന്നുണ്ട്. എന്നാൽ കുട്ടികൾക്ക് ആവശ്യമായ തരത്തിലുള്ള സൗകര്യങ്ങൾ ഒന്നും തന്നെ ഇവർ നൽകുന്നില്ലെന്നുള്ള ആരോപണങ്ങളാണ് മിക്ക രക്ഷിതാക്കൾക്കുമുള്ളത്. കാലേക്കൂട്ടി പ്രവേശനം ഉറപ്പാക്കിയില്ലെങ്കിൽ ഒരു അദ്ധ്യയന വർഷം നഷ്ടമാകുമെന്നത് കൊണ്ടും മറ്റ് വഴികൾ ഇല്ലാത്തതുകൊണ്ടുമാണ് പലരും ഇത്തരം സ്വകാര്യ സ്‌കൂളുകളെ അഭയം പ്രാപിക്കുന്നത്. രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ 20 ദിനാർ, പ്രവേശന ഫീസ് 30 ദിനാർ, റീഫൻഡബിൾ ഫീസ് 150 ദിനാർ, കൂടാതെ ആദ്യ ടേമിലെ സ്‌കൂൾ ഫീസ് 316 ദിനാറും ബസ് ചാർജ്ജ് 28 ദിനാർ എന്നിങ്ങിനെയാണ് പ്രമുഖ സ്വകാര്യ സ്‌കൂളിലെ കെ.ജി ക്ലാസിലേയ്ക്കുള്ള പ്രവേശന നിരക്ക്. പ്രൈമറി, ഹൈസ്‌കൂൾ, പ്ലസ് വൺ തുടങ്ങിയവയിലെ ഫീസ് നിരക്ക് യഥാക്രമം 397 ദിനാർ, 477 ദിനാർ, 546 ദിനാർ എന്നീ തോതിലാണ്. മറ്റ് സ്വകാര്യ സ്‌കൂളുകളിലും ഇതിനോടടുത്ത ഫീസ് തന്നെ ഈടാക്കുന്നുണ്ട്. ഇത് കൂടാതെ ടെക്സ്റ്റ് പുസ്തകങ്ങൾ, നോട്ട് പുസ്തകങ്ങൾ മറ്റ് േസ്റ്റഷനറി ഇനങ്ങൾ തുടങ്ങിയവയ്ക്കും നല്ലൊരു തുക രക്ഷിതാക്കൾ കരുതേണ്ടി വരും. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന ഇന്ത്യൻ സ്‌കൂളിൽ പ്രവേശനത്തിന് വൻ തിരക്ക് അനുഭവപ്പെടുന്നത്. കൂടാതെ പൊതുവെ അക്കാദമിക്, പാഠ്യേതര വിഷയങ്ങൾ എന്നിവയിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്നതും ഇന്ത്യൻ സമൂഹത്തിന്റെ സ്‌കൂൾ എന്ന നിലയിലും ഇവിടെ പ്രവേശനത്തിന് തിരക്ക് വർദ്ധിക്കാൻ ഇടയാക്കുന്നു. ഉയർന്ന ഫീസ് നിരക്ക് ഈടാക്കുന്ന പല സ്വകാര്യ സ്‌കൂളുകളുകളെ പറ്റിയും രക്ഷിതാക്കൾ നിരവധി പരാതികൾ സമീപകാലങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
ഫീസ് വാങ്ങാൻ കാണിക്കുന്ന ഉത്സാഹം പഠനത്തിലോ പാഠ്യേതര വിഷയങ്ങളിലോ ഉണ്ടാകുന്നില്ല എന്നതാണ് മുഖ്യപരാതി. പ്രവേശനം നേടിക്കഴിഞ്ഞാൽ പിന്നെ രക്ഷിതാക്കളുടെ വാക്കുകൾക്ക് വിലയില്ലാത്ത അവസ്ഥയാണ് പല സ്‌കൂളുകളിലും നിലനിൽക്കുന്നത്. അമിതമായി ഹോം വർക്കുകൾ നൽകുക മുതൽ അനാവശ്യമായ ദേഹോപദ്രവം വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൂടാതെ പല സ്കൂളുകളിലും കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകരുമായി ഒരു തരത്തിലും രക്ഷിതാക്കൾക്ക് ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയും നിലനിൽക്കുന്നു. ഒരു പ്രമുഖ സ്‌കൂളിൽ ക്ലാസ് മുറി വൃത്തികേടാകുന്നത് കാരണം സ്കൂൾ മൈതാനത്ത് നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥയുണ്ടെന്ന് അവിടെയുള്ള വിദ്യാർത്ഥിയുടെ രക്ഷിതാവ് പറഞ്ഞു. ഇങ്ങിനെയുള്ള കാര്യങ്ങളെ പറ്റി ചോദിച്ചാൽ ടി.സി വാങ്ങിപോകാനാണ് സ്കൂൾ അധികൃതർ പറയുന്നത്. കുട്ടികളുടെ ഭാവിയെ കരുതിയും, മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റുന്പോൾ ഉണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾ ഓർത്തും, സാന്പത്തിക ബാധ്യതകളൊഴിവാക്കാനുമായി ഇത്തരം സ്‌കൂളുകളുടെ പീഡനം സഹിച്ച് ആരും പരാതിപ്പെടാതിരിക്കുകയാണത്രെ. മറ്റൊരു സ്കൂളിൽ ഫീസ് നിരക്ക് വളരെ അധികമാണെങ്കിലും അദ്ധ്യാപകന്‍മാർക്ക് നൽകുന്ന ശന്പളം വളരെ കുറവാണ്. അതോടൊപ്പം ജോലി ഭാരവും ഇവർക്ക് ഏറെയാണ്. ഈ ജോലി ഇഷ്ടപ്പെടുന്നതും, അതു പോലെ മറ്റ് വഴികളില്ലാത്തത് കാരണവുമാണ് അദ്ധ്യാപന ജോലിയിൽ തുടരേണ്ടി വരുന്നതെന്ന് സ്വകാര്യ സ്കൂളിലെ ഒരു അദ്ധ്യാപിക 4 പി.എമിനോട് പറഞ്ഞു.

