രാജ്യത്ത് ജനവാസ കേന്ദ്രങ്ങളിൽ‍ തെ­രു­വനാ­യ പ്രശ്നം രൂ­ക്ഷമാ­കു­ന്നു­


മനാമ : രാജ്യത്ത് ജനവാസ കേന്ദ്രങ്ങളിൽ‍ നാൾ‍ക്ക് നാൾ‍ വർ‍ദ്ധിച്ചു വരുന്ന തെരുവ് നായ ഭീഷണി രൂക്ഷമാകുന്നു. മുന്പ് ജനവാസ കേന്ദ്രങ്ങളിൽ‍ സജീവമല്ലാതിരുന്ന ഇവയെ ഇപ്പോൾ‍ മനാമ, ഗുദൈബിയ, സൽ‍മാനിയ തുടങ്ങി പ്രവാസികൾ‍ തിങ്ങിപാർ‍ക്കുന്ന ഇടങ്ങളിലും ധാരാളമായി കാണപ്പെടുന്നുണ്ട്. വലിയ അക്രമങ്ങളൊന്നും തന്നെ ഇവിടെ തെരുവ് നായക്കളിൽ‍ നിന്നും റിപ്പോർ‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇവിടെ കഴിയുന്നവരുടെ ആശങ്കകൾ‍ വർ‍ദ്ധിച്ചു വരികയാണ്. പരീക്ഷാകാലമടുത്തത്തോടെ വൈകുന്നേരങ്ങളിൽ‍ ട്യൂഷൻ ക്ലാസുകൾ‍ക്കായി നടന്നുപോകുന്ന വിദ്യാർ‍ത്ഥികളെയാണ് ഇവ ഏറെ ഭയപ്പെടുത്തുന്നത്. നാട്ടിലേത് പോലെ തെരുവ് നായകളെ കണ്ട് ശീലമില്ലാത്തതും പ്രവാസികളായ വിദ്യർ‍ത്ഥികളിൽ‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മുന്പ് സൽ‍മാബാദ്, സിത്ര തുടങ്ങിയ മേഖലകളിലായിരുന്നു തെരുവ് നായകളെ ഏറെ കണ്ടിരുന്നത്. ഇപ്പോഴും ഈ പ്രദേശങ്ങളിൽ‍ അവയുടെ ശല്യമുണ്ട്. ലേബർ‍ ക്യാന്പുകൾ‍ ഏറെയുള്ള ഇവിടെ പലർ‍ക്കും തെരുവ് നായയുടെ കടിയേറ്റതായും റിപ്പോർ‍ട്ടുകൾ‍ വന്നിരുന്നു. ഇവയെ കണ്ടെത്തി കൊല്ലുകയോ, അല്ലെങ്കിൽ‍ പിടികൂടി ഒരു സ്ഥലത്ത് തന്നെ പാർ‍പ്പിക്കുകയോ വേണമെന്നാണ് പൊതുവെയുള്ള ആവശ്യം. 

തെരുവ് നായകളെ കൊല്ലുന്നതിൽ പ്രതിഷേധിച്ച് മൃഗ സ്നേഹികൾ രംഗത്ത്

മനാമ: തെരുവ് നായകളുടെ എണ്ണം വർ‍ദ്ധിച്ചുവരുന്ന പരാതിക്കൊപ്പം തന്നെ അവയെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ട് മൃഗ സ്നേഹികളും രംഗത്ത് എത്തി. വിഷം നൽ‍കി തെരുവ് നായകളെ കൊല്ലുന്നതിൽ പ്രതിഷേധിച്ചാണ് ഇവർ‍ മുന്പോട്ട് വന്നിരിക്കുന്നത്. ഹമാല ബീച്ച് റിസോർട്ടിന്റെ പരിസര പ്രദേശങ്ങളിൽ തെരുവുനായകൾ ചത്ത് കിടക്കുന്നതായി കണ്ടെന്നും, ടൂബ്ലിയിലും, മറ്റ് പല സ്ഥലങ്ങളിലും പതിവായി തെരുവുനായകൾ ചത്ത് കിടക്കുന്നുണ്ടെന്നും അനിമൽ വെൽഫെയർ ആക്ടിവിസ്റ്റുകളായ ജാക്വി സ്റ്റാർലി, ടാറക്ക് ജവാദ് എന്നിവർ പറഞ്ഞു. ഭക്ഷണം കിട്ടാതെ അലഞ്ഞ് നടക്കുന്ന തെരുവുനായകളെ കണ്ടെത്തി അവയെ സംരക്ഷിക്കണമെന്നും, മൃഗങ്ങളെ വിഷം നൽകി കൊല്ലുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇവരുടെ ഇടപെടലിന്റെ ഭാഗമായി തെരുവ് നായകളെ വിഷം നൽകി കൊല്ലുന്ന സംഭവങ്ങൾ കണ്ണിൽ പെട്ടാൽ 34325639 എന്നീ നന്പറിൽ‍ ബന്ധപ്പെടാൻ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ ഇത്തരത്തിലുള്ള സംഭവങ്ങൾ കാണുകയാണെങ്കിൽ പോലീസിനോട് റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം വളർത്ത് മൃഗങ്ങളെ പുറത്തേയ്ക്ക് വിടരുതെന്നും, പുറത്ത് 

കാണുന്ന പാത്രങ്ങളിൽ നിന്നും ഭക്ഷണസാധനകൾ കഴിക്കരുതെന്നും (ബി.എസ്.പി.സി.എ) ബഹ്‌റൈൻ സൊസൈറ്റി ഫോർ ദി പ്രെവെൻഷൻ ഓഫ് ക്രുവൽറ്റി അനിമൽസ് എന്ന സംഘടന വളർത്ത് മൃഗങ്ങളെ പരിപാലിക്കുന്നവരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ അടുത്തകാലത്ത് മുനിസിപ്പാലിറ്റിയുടെയും നാഗരാസൂത്രണത്തിന്റെയും സഹകരണത്തോടെ മാമീറിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്.

പേവിഷ ബാധ : അറിയേണ്ട കാര്യങ്ങൾ

രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കണ്ടേക്കാവുന്ന വൈറസുകൾ, മൃഗങ്ങളുടെ കടി കൊണ്ടോ മാന്ത് കൊണ്ടോ ഉണ്ടായ മുറിവിൽക്കൂടെ/പോറലിൽക്കൂടി ശരിര പേശികൾക്കിടയിലെ സൂക്ഷ്മ നാഡികളിൽ എത്തപ്പെട്ട് കേന്ദ്രനാഡീവ്യൂഹത്തിൽ കൂടി സഞ്ചരിച്ച്, സുഷുമ്നാനാഡിയേയും തലച്ചോറിനേയും ബാധിക്കുന്നു. വൈറസ് ബാധ ഉണ്ടായി രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വരെയുള്ള ഇടവേള മാസങ്ങൾ നീണ്ടു നിൽക്കാം. കേന്ദ്ര നാഡീവ്യുഹത്തിൽ വൈറസ് എത്ര പെട്ടെന്ന് എത്തുന്നുവോ അത്രയും ദൈർഘ്യം മാത്രമേ രോഗലക്ഷണങ്ങൾ പ്രകടമാകുവാൻ എടുക്കുകയുള്ളൂ. എന്നാൽ അസാധാരണമായി ഒരു ആഴ്ച മുതൽ ഒരു കൊല്ലം വരെ എടുക്കാം. രോഗ ലക്ഷണങ്ങൾ പ്രത്യക്ഷമായാൽ കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ മരണം സംഭവിക്കാം.

99 ശതമാനം പേവിഷബാധകളും ഉണ്ടാകുന്നത് നായ്ക്കളിലൂടെ ആണ്. അതിനാൽ തെരുവ് നായ ആക്രമണം ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് താഴെ കൊടുക്കുന്നു:

വിഷബാധയുള്ള മൃഗങ്ങളുടെ കടിയോ, മാന്തോ, നക്കലോ മൂലം ത്വക്കിലൂടെയാണ് മനുഷ്യരിലേയ്ക്ക് രോഗം പകരുന്നത്. അതുകൊണ്ട് കടിയേറ്റാൽ ഒഴുകുന്ന വെള്ളവും സോപ്പും ഉപയോഗിച്ച് 15 മിനിട്ടെങ്കിലും കഴുകിക്കൊണ്ടിരിക്കണം.

വൈറസ്സിനെ നശിപ്പിക്കാവുന്ന മരുന്നുകളും ഉപയോഗിക്കാവുന്നതാണ്.

അതിന് ശേഷം തുണിയോ പഞ്ഞിയോ കൊണ്ട് തുടയ്ക്കണം. പിന്നീട് ഏതെങ്കിലും അണുനാശിനികൊണ്ടും തുടയ്ക്കണം.

എത്രയും വേഗത്തിൽ വൈദ്യസഹായം തേടി പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed