മോഡേൺ എക്സ്ചേഞ്ച് സംഗീത നിശ ഇന്ന്
രാജീവ് വെള്ളിക്കോത്ത്
മനാമ : റിയാലിറ്റി ഷോ വേദിയിൽ വെച്ച് ഷാരൂഖാനെ എടുത്തുയർത്തിയതിലൂടെ ലോകം മുഴുവനും ശ്രദ്ധിക്കപ്പെട്ട സംഗീതപ്രതിഭ ഇനി ആരെയും പൊക്കാനില്ലെന്നു പറയുന്പോൾ നീ വെയ്റ്റ് ലിഫ്റ്റർ അല്ല, ഗായകനാണെന്ന് പറഞ്ഞ് അച്ഛൻ ഗിരീഷും ഒരു ചിരിയോടെ തലകുലുക്കി. ബഹ്റൈനിൽ മോഡേൺ എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകീട്ട് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന സംഗീത നിശയിൽ സംബന്ധിക്കാൻ എത്തിയ വൈഷ്ണവ് ഫോർ പിഎം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇനി ആരെയും വേദിയിൽ വെച്ച് പൊക്കില്ലെന്ന് പ്രഖ്യാപിച്ചത്. നടുവൊടിഞ്ഞു കിടന്നാൽ ആരും തിരിഞ്ഞു നോക്കില്ലെന്നും, അന്ന് വേദിയിൽ വെച്ച് ഒരു കൗതുകത്തിനാണു ഷാരൂഖാനെ എടുത്തുയർത്തിയതെന്നും വൈഷ്ണവ് പറഞ്ഞു. പക്ഷെ ആ സംഭവം വലിയ വാർത്തയായത് തന്റെ സംഗീത പരിപാടിയുടെ പോപ്പുലാരിറ്റി വർദ്ധിച്ചതായും ചാനലിനും തനിക്കു വ്യക്തിപരമായും അത് ഗുണകരമായെന്നും വൈഷ്ണവ് അഭിപ്രായപ്പെട്ടു.
സി ടിവിയുടെ തന്നെ സരിഗമയിൽ അവസാന ഘട്ടം വരെ പോരാടിയ മലയാളി ഗായിക യുംന അജിനും ഇന്ന് നടക്കുന്ന സംഗീത നിശയിൽ വൈഷ്ണവിനോടൊപ്പം പാടുന്നുണ്ട്. ചാനലിൽ മത്സരാർത്ഥികൾ ആണെങ്കിലും ചെറിയ ഇടവേളയ്ക്കു ശേഷം കണ്ട തന്റെ വല്യേട്ടൻ മത്സരാർഥിയുമായി വളരെ നല്ല കൂട്ടാണ് തിരൂരുകാരിയായ ഈ കൊച്ചു മിടുക്കി. സി ടിവിയിലെ മത്സരാർത്ഥികളിൽ ഹിന്ദിക്കാരെ അത്ഭുതപ്പെടുത്തിയ മലയാളി സാന്നിദ്ധ്യമായിരുന്നു ഈ സംഗീത പ്രതിഭകൾ.
തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ വൈഷ്ണവ് ചെറുപ്പം മുതൽ തന്നെ പാട്ടിനോട് കൂട്ട് കൂടിയതാണ്. ഏക സഹോദരൻ പാടുമായിരുന്നുവെങ്കിലും റിയാലിറ്റി ഷോകൾക്കൊന്നും പോകാൻ കഴിഞ്ഞില്ല. ഗൾഫിൽ ജോലി ചെയ്യുന്ന സഹോദരന്റെ പിന്തുണയോടെയാണ് സംഗീതത്തിൽ തനിക്കു ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞതെന്ന് വൈഷ്ണവ് പറഞ്ഞു.
ആറാം ക്ലാസുകാരിയായ യുംനയുടെ സംഗീതത്തിലുള്ള കഴിവ് കണ്ടുപിടിച്ചതും പ്രോത്സാഹിപ്പിച്ചതും നല്ലൊരു ഗായകനായ ഉപ്പ അജിൻ ബാബുതന്നെയാണ്. ഉപ്പയ്ക്ക് വലിയ ആഗ്രഹമായിരുന്നു അറിയപ്പെടുന്ന ഗായകനാവുകയെന്നത്. എന്നാൽ അന്നത്തെ കാലത്തു ഇത്തരം ഒരു സാഹചര്യമുണ്ടായിരുന്നില്ലെന്നും ഉപ്പയുടെ ആഗ്രഹം തന്നിലൂടെ നിറവേറ്റാനായതിൽ വളരെയധികം സന്തോഷമുണ്ടെന്നും യുംന പറഞ്ഞു. ഹിന്ദി സീരിയലുകൾ പലപ്പോഴും കാണുകയും അതിലെ ഗാനങ്ങൾ പഠിക്കുകയും ചെയ്തത് ഹിന്ദിപ്പാട്ടുകളോടുള്ള അടുപ്പത്തിന് കാരണമായി. കൈരളി ടിവിയിലെ കുട്ടി പട്ടുറുമാൽ ആയിരുന്നു റിയാലിറ്റി ഷോയിലെ ആദ്യ പരിപാടി. അന്ന് 7 വയസായിരുന്നു പ്രായം. തുടർന്ന് സോണി ടിവിയുടെ ഇന്ത്യൻ ഐഡൾ ജൂനിയറിൽ പങ്കെടുത്തു. അവിടെ നിന്നാണ് സിടിവിയിലേയ്ക്ക് ചേക്കേറിയത്. ഇപ്പോൾ സി ടിവിയുടെ ആഭിമുഖ്യത്തിൽ തന്നെ ലോകത്തെന്പാടുമുള്ള വേദികളിൽ പങ്കെടുക്കുവാൻ സാധിക്കുന്നു. എ.ആർ റഹ്മാന്റെ മുന്നിൽ പാടാൻ സാധിച്ചതും അദ്ദേഹം പാട്ടു കേട്ട് അഭിനന്ദിച്ചതും തന്നെയാണ് ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമെന്ന് ഈകൊച്ചു കലാകാരി പറയുന്പോൾ അതിനെ വൈഷ്ണവും പിന്തുണച്ചു.
ഷാരൂഖാനെ എടുത്തുയർത്തിയ ദിവസം തന്നെയായിരുന്നു പരിപാടി കഴിഞ്ഞു ഏകദേശം അര മണിക്കൂർ കഴിഞ്ഞാണ് മൊബൈലിൽ ഒരു കാൾ വൈഷ്ണവിനു വന്നത്. അത് എആർ റഹ്മാന്റെ അടുത്ത നിമയുടെ ലോഞ്ചിംഗ് ചടങ്ങിലേക്കുള്ള മാനേജരുടെ വിളിയായിരുന്നു. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും ചടങ്ങിന് എത്തിയപ്പോഴാണ് ഇതൊക്കെ സത്യമാണ് എന്ന് പോലും തോന്നിയതെന്നും വൈഷ്ണവ് പറഞ്ഞു.
സിടിവി സംപ്രേക്ഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിൽ ഫൈനലിലെത്താതെ പുറത്തായതിൽ യാതൊരു സങ്കടവുമില്ല. വാരിവലിച്ചു ഷോ ചെയ്യണമെന്നോ എല്ലാ റിയാലിറ്റി ഷോയിൽ പങ്കെടുക്കണമെന്നോ ഒരിക്കലും വീട്ടിൽ നിന്നും നിർബന്ധിക്കാറുമില്ലെന്നും വൈഷ്ണവ് പറഞ്ഞു. ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ മറ്റുള്ളവരുടെ മുന്നിൽ വെച്ച് മാതാപിതാക്കൾ അടിക്കുന്ന മത്സരാർത്ഥികൾ വരെ ഉണ്ടെന്നും അത് കുട്ടികളെ തളർത്തുകയെ ചെയ്യൂ എന്നും വൈഷ്ണവ് അഭിപ്രായപ്പെട്ടു. ജനുവരിയിൽ തൃശ്ശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന യുവജനോത്സവത്തിൽ 3 ഇനങ്ങളിൽ വൈഷ്ണവ് മത്സരിക്കുന്നുണ്ട്. കുറെ കൂടി പാട്ട് പഠിക്കണം, ഷോകൾ ചെയ്യണം. കുറച്ചു സിനിമകളിൽ പാടി. ഇനിയും സംഗീതത്തിൽ കുറെ കൂടി അനുഭവങ്ങൾ നേടാനുണ്ടെന്നും വൈഷ്ണവ് പറഞ്ഞു.
ഇന്ന് വൈകീട്ട് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പാട്ടിനെ സ്നേഹിക്കുന്ന, തങ്ങൾക്കു പിന്തുണ നൽകുന്ന എല്ലാവരും സംബന്ധിക്കണമെന്നും പരിപാടി വിജയിപ്പിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും വൈഷ്ണവും യുംനയും അഭ്യർഥിച്ചു. മോഡേൺ എക്സ്ചേഞ്ച് ഉപഭോക്താക്കൾക്കും അവിടെ പേരുകൾ രജിസ്റ്റർ ചെയ്യുന്ന ആർക്കും തീർത്തും സൗജന്യമായാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നതെന്നും മോഡേൺ എക്സ്ചേഞ്ച് ഉപഭോക്താക്കളോടുള്ള നന്ദി സൂചകമായാണ് ഈ പരിപാടിയെന്നും ജനറൽ മാനേജർ രാജേഷ് എംപി പറഞ്ഞു.

