ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ് : പ്രോഗ്രസീവ് പാരന്റ്സ് അലയൻസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
മനാമ : ഡിസംബർ 8ന് നടക്കുന്ന ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് പാരന്റ്സ് അലയൻസ് (പി.പി.എ) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. നിലവിലെ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജനാണ് പാനലിനെ നയിക്കുക.
എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ ജയ്ഫർ മൈദാനി, സജി ആന്റണി തുടങ്ങിയവരും പ്രേമലത, രാജേഷ് നന്പ്യാർ, ബിനുമണ്ണിൽ, മുഹമ്മദ് അർഷദ്ഖാൻ എന്നിവരും ഈ പാനലിൽ മത്സരിക്കണമെന്ന് ഫുഡ് വേൾഡിൽ ചേർന്ന സ്റ്റിയറിങ് കമ്മറ്റിയോഗം തീരുമാനിച്ചതായി പി.പി.എ രക്ഷാധികാരി മുഹമ്മദ് ഹുസൈൻ മാലിം, കൺവീനർ വിപിൻ പി.എം, ഇലക്ഷൻ കമ്മറ്റി കൺവീനർ, എസ്.വി ബഷീർ എന്നിവർ അറിയിച്ചു.
സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് സ്കൂളിൽ നടപ്പിലാക്കിയ പല നയപരിപാടികളും സുതാര്യതയും അക്കാദമിക് മികവിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങളും അടുത്ത മൂന്ന് വർഷങ്ങളിലും തുടരുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മുന്നണിയെ തന്നെ വീണ്ടും ഭരണത്തിൽ എത്തിക്കണമെന്ന് പി.പി.എ കൺവീനർ അഭ്യർത്ഥിച്ചു. അമിത ചിലവുകളും ധൂർത്തും ആർഭാടങ്ങളും ഒഴിവാക്കി സ്കൂളിനെ അതിന്റേതായ ചുറ്റുപാടിൽ മുന്നോട്ട് കൊണ്ട് പോവുകയും മുൻപ് തുടർന്ന് വന്നിരുന്ന ക്ലബ്ബ് സംസ്കാരത്തെ ഇല്ലായ്മ ചെയ്യുവാനും സാധിച്ചു എന്നുള്ള കാര്യവും രക്ഷിതാക്കൾക്ക് ബോധ്യപ്പെട്ടതാണെന്നും ഭരണ പാടവവും ചുമതലാ ബോധവുമുള്ള മികച്ച ടീമിനെയാണ് പാനലിൽ ഉൾപ്പെടുത്തിരിക്കുന്നതെന്നും പാനലിലെ എല്ലാവരെയും വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ഇലക്ഷൻ കമ്മിറ്റി കൺവീനർ അഭ്യർത്ഥിച്ചു.


