ബഹ്റൈനിൽ സർക്കാർ വരുമാനത്തിന്റെ 39 ശതമാനവും പലിശയടയ്ക്കാൻ ചെലവഴിച്ചതായി ഓഡിറ്റ് റിപ്പോർട്ട്
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈന്റെ പൊതുകടത്തിന്മേലുള്ള പലിശ ബാധ്യത 100 കോടി ബഹ്റൈൻ ദിനാർ കടന്നതായി നാഷണൽ ഓഡിറ്റ് ഓഫീസിന്റെ (NAO) 2025-2026 വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025-ൽ സർക്കാർ വരുമാനത്തിന്റെ ഏകദേശം 40 ശതമാനത്തോളം (39%) തുക കടത്തിന്റെ പലിശ അടയ്ക്കാനാണ് ചെലവഴിച്ചത്. മുൻവർഷം ഇത് 31 ശതമാനമായിരുന്നു. എണ്ണയിതര വരുമാനം എണ്ണവരുമാനത്തെ മറികടന്ന് സർക്കാർ ഖജനാവിലെ പ്രധാന വരുമാന സ്രോതസ്സായി മാറിയ വർഷത്തിലാണ് പലിശ ബാധ്യതയിലും വലിയ വർദ്ധനവുണ്ടായിരിക്കുന്നത്.
ഓഡിറ്റ് റിപ്പോർട്ട് പ്രകാരം, പലിശ ഇനത്തിലുള്ള തിരിച്ചടവ് 10.7 കോടി ദിനാർ വർദ്ധിച്ച് 105.2 കോടി ദിനാറിലെത്തി (BD1.052 billion). ആകെ പൊതുകടം 15 ശതമാനം അഥവാ 283 കോടി ദിനാർ വർദ്ധിച്ച് 2,216 കോടി ദിനാറായി (BD22.16 billion) ഉയർന്നു. റിപ്പോർട്ടിന്റെ പകർപ്പ് പാർലമെന്റിന് കൈമാറിയിട്ടുണ്ട്. ഇത് വിശദമായ പരിശോധനകൾക്കും ശുപാർശകൾക്കുമായി പാർലമെന്റിന്റെ സാമ്പത്തിക കാര്യ സമിതിക്ക് വിടും.
എണ്ണവരുമാനത്തിൽ 29 ശതമാനത്തിന്റെ ഇടിവുണ്ടായതോടെ (130 കോടി ദിനാർ) ആകെ സർക്കാർ വരുമാനം 11 ശതമാനം കുറഞ്ഞ് 269 കോടി ദിനാറായി. ആകെ വരുമാനത്തിന്റെ 52 ശതമാനവും എണ്ണയിതര മേഖലകളിൽ നിന്നാണ് ലഭിച്ചത്. അതേസമയം, സർക്കാർ പദ്ധതികൾക്കുള്ള ചെലവ് 9 ശതമാനം വർദ്ധിച്ച് 31.8 കോടി ദിനാറിലെത്തി.
അതേസമയം, ഭാവി തലമുറകൾക്കായുള്ള കരുതൽ നിധി (Future Generations Reserve Account) മികച്ച വളർച്ച രേഖപ്പെടുത്തി. ഇതിന്റെ ആസ്തി 20 ശതമാനം വർദ്ധിച്ച് 111 കോടി ഡോളറായും, അറ്റാദായം 33 ശതമാനം ഉയർന്ന് 9.6 കോടി ഡോളറായും വർദ്ധിച്ചു. വായ്പാ ചെലവുകൾ കുറയ്ക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും, വരുമാനം വർദ്ധിപ്പിക്കാനും ദൈനംദിന ചെലവുകൾ കുറയ്ക്കാനും ശ്രമങ്ങൾ തുടരുകയാണെന്നും ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.
പൊതുകണക്കുകൾക്ക് പുറമെ, വിവിധ സർക്കാർ സ്ഥാപനങ്ങളിലെയും പൊതുമേഖലാ കമ്പനികളിലെയും ചെലവഴിക്കലുകൾ, പർച്ചേസിംഗ്, കരാർ നടത്തിപ്പ് എന്നിവയിൽ ഗുരുതരമായ വീഴ്ചകൾ ഓഡിറ്റർമാർ കണ്ടെത്തിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിനായി 18 ലക്ഷം ദിനാർ ചെലവഴിച്ചതിന് ശേഷം 2019 ഡിസംബർ മുതൽ ഡൈവിംഗ് പാർക്ക് പദ്ധതി പൂർത്തിയാകാതെ കിടക്കുകയാണ്. നിർമ്മാണം നിലയ്ക്കാനുള്ള കാരണമോ പദ്ധതി പുനരാരംഭിക്കാനുള്ള വഴികളോ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) പഠിച്ചിട്ടില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. എന്നാൽ പദ്ധതിക്കായി മറ്റൊരു സ്ഥലം നിർദ്ദേശിച്ചിട്ടുണ്ടെന്നും, പരിസ്ഥിതി പഠനം നടന്നുവരികയാണെന്നും 2027 മാർച്ചോടെ ഇത് ബോർഡിന് മുന്നിൽ അവതരിപ്പിക്കുമെന്നും അതോറിറ്റി അറിയിച്ചു.
2017-നും 2025-നും ഇടയിൽ 1.48 കോടി ദിനാറിന്റെ നഷ്ടം രേഖപ്പെടുത്തിയ ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേൾസ് ആൻഡ് ജെംസ്റ്റോൺസും (DANAT) ഓഡിറ്റ് പരിശോധനയ്ക്ക് വിധേയമായി. ഇതേ കാലയളവിൽ ഉടമസ്ഥരായ ബഹ്റൈൻ മുംതലകത്ത് ഹോൾഡിംഗ് കമ്പനി 1.54 കോടി ദിനാറിന്റെ സാമ്പത്തിക സഹായം സ്ഥാപനത്തിന് നൽകിയിരുന്നു. 2020-ന് ശേഷം നടപ്പിലാക്കിയ പരിഷ്കാരങ്ങൾ വഴി വരുമാനത്തിൽ 179 ശതമാനം വർദ്ധനവുണ്ടാക്കാനും വാർഷിക നഷ്ടം 11 ശതമാനം കുറയ്ക്കാനും സാധിച്ചതായി ഡാനാത്ത് വ്യക്തമാക്കി.
adsdadsass


