ബഹ്റൈനിൽ ആറിൽ ഒരാൾക്ക് പ്രമേഹമെന്ന് റിപ്പോർട്ട്
മനാമ : ലോകത്ത് എല്ലായിടത്തും പ്രമേഹരോഗം വർദ്ധിച്ചുവരുന്നത് കടുത്ത ആശങ്ക ഉണ്ടാക്കുന്പോൾ ബഹ്റൈനിൽ ആറിൽ ഒരാൾക്ക് പ്രമേഹമെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ റിപ്പോർട്ട് പ്രവാസികളെയും ഞെട്ടിക്കുന്നു. ആകെ ജനസംഖ്യയുടെ 15 ശതമാനമാണിത്. അതായത് രാജ്യത്ത് 1,50,000 പേരും പ്രമേഹത്തിന് അടിമകളായി എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. വർഷത്തിൽ 800 പേരെങ്കിലും പ്രമേഹം മൂലമുള്ള രോഗകാരണത്താൽ മരണപ്പെടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം ഗൾഫ് ഹോട്ടലിൽെവച്ച് നടത്തിയ പ്രമേഹ ബോധവൽക്കരണ പരിപാടിയിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. പ്രമേഹരോഗികളുടെ എണ്ണം കുറയ്ക്കാൻ വേണ്ടുന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു.
ജീവിതശൈലിയിൽ വന്ന മാറ്റമാണ് പ്രമേഹ രോഗത്തിന് കാരണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. പ്രമേഹത്തോടൊപ്പം മറ്റ് ജീവിതശൈലീ രോഗങ്ങളും വർദ്‍ധിക്കുന്നുണ്ട്. വ്യായാമം ഇല്ലാത്ത ജീവിത രീതികളും അമിത ഭക്ഷണവും വില്ലനാകുന്നു. ഗ്രാമീണ ജീവിതത്തിൽനിന്ന് നഗരങ്ങളിലേയ്ക്കുള്ള കുടിയേറ്റവും പ്രമേഹത്തിന് കാരണമാകുന്നു.
പ്രമേഹം വർദ്‍ധിക്കാനുള്ള കാരണങ്ങളിലൊന്ന് അമിതവണ്ണം. പ്രവാസ ലോകത്ത് എത്തി ഏതാനും വർഷങ്ങൾകൊണ്ട് പല പ്രവാസികളുടെയും ശരീര ഭാരം 10 മുതൽ 30 കിലോ വരെ കൂടുന്നതായി കണ്ടുവരാറുണ്ട്. ഇത്തരക്കാർ ചെറുപ്രായത്തിലെ പ്രമേഹരോഗത്തിന് അടിമയാകുന്നു. പലപ്പോഴും കൂടിയ ശരീരഭാരത്തെപ്പറ്റി ഡോക്ടർമാർ മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും അവഗണിക്കാറാണ് പതിവ്. ശരീരഭാരം ഓരോരുത്തരുടെയും ഉയരത്തിനനുസരിച്ച് ക്രമീകരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കന്പനി മെസിൽ നിന്നും പാർട്ടികളിൽ നിന്നും മറ്റും പണച്ചിലവില്ലാതെ കൂടിയ അളവിൽ ഭക്ഷണം കഴിക്കുന്നതും വെള്ളത്തിന് പകരം ശീതള പാനീയങ്ങൾ കുടിക്കുന്നതും പല പ്രവാസികളെയും അമിത വണ്ണത്തിലേയ്ക്ക് നയിക്കുന്നു. മാറിവരുന്ന കാലാവസ്ഥകളും ടി.വി, കന്പ്യൂട്ടർ, മൊബൈൽ, ഇന്‍റർനെറ്റ് എന്നിവയുടെ അമിത ഉപയോഗം വ്യായാമക്കുറവിനും കാരണമാകുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാരിലെ മദ്യപാനം ശരീരഭാരം കൂട്ടുന്നുണ്ട്. കൂട്ടത്തിൽ പുകവലിയും പുകയില ഉപയോഗവും രോഗസാധ്യത കൂട്ടുന്നു. പ്രമേഹത്തിന് പാരന്പര്യവും ഒരു പ്രധാന ഘടകമാണ്.
കൂടാതെ ജോലി സംബന്ധമായും സാന്പത്തിക പ്രശ്നങ്ങളാലും കുടുംബ പ്രശ്നങ്ങളാലും മറ്റുള്ള മാനസിക സംഘർഷങ്ങൾ പ്രവാസികളിൽ പ്രമേഹവും പ്രഷറും വർദ്‍ധിക്കാൻ കാരണമാകുന്നതായും ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നു.


