ഒന്നര വർ­ഷം മു­ൻ­പ് അയച്ച കാ­ർ­ഗോ­ സാ­ധനങ്ങൾ ഇനി­യും ലഭി­ച്ചി­ല്ലെ­ന്ന് പരാ­തി­


രാജീവ് വെള്ളിക്കോത്ത്

മനാമ : ഒന്നര വർഷം മുൻപ് സീ കാർഗോ വഴി ബഹ്റൈനിൽ നിന്നയച്ച സാധനം ഇനിയും വിലാസക്കാർക്ക്  ലഭിച്ചില്ലെന്ന് പരാതി. നിരവധി പ്രവാസികളാണ് ബഹ്‌റൈനിലെ കാർഗോ സ്ഥാപനത്തിനെതിരെ  പരാതിയുമായി   രംഗത്ത് വന്നിരിക്കുന്നത്. ബഹ്റൈനിൽ ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശി ശ്രീധരനാണ് ഏറ്റവും ഒടുവിൽ കാർഗോ സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.   2016 ജൂലൈ 12നാണ് ശ്രീധരൻ ബഹ്‌റൈനിലെ ബി.ഡി.സി കാർഗോ വഴി നാട്ടിലുള്ള ബന്ധുവിന് സാധനങ്ങൾ അയച്ചത്. കാസർഗോഡ് അണങ്കൂറിലെ വീട്ടിലേയ്ക്ക് അയച്ച സാധനങ്ങൾ, സീ കാർഗ്ഗോ ആയതിനാൽ പരമാവധി ഒരു മാസത്തിനുള്ളിൽ ലഭിക്കുമെന്നായിരുന്നു കാർഗോ അധികൃതർ അറിയിച്ചിരുന്നത്.

എന്നാൽ നാളിതുവരെയായിട്ടും പാർ‌സൽ നാട്ടിൽ ലഭിച്ചിട്ടില്ലെന്ന് ശ്രീധരൻ പറഞ്ഞു. കാർഗോ ഉടമകളുമായി ബന്ധപ്പെട്ടപ്പോൾ ഉടനെ ലഭിക്കുമെന്ന മറുപടിയാണ് കഴിഞ്ഞ ഒന്നര വർഷമായി ലഭിച്ചു കൊണ്ടിരിക്കുന്നത്. 30 കിലോ വീതമുള്ള രണ്ട് ബോക്സുകളിൽ ഉൾക്കൊള്ളുന്ന സാധനങ്ങൾളാണ് അയച്ചത്.ആകെ 41 ദിനാർ അന്നത്തെ കാർഗോ ചാർജ്ജായി ഈടാക്കിയിരുന്നു. വീട്ടിലേയ്ക്ക് ഉപയോഗിക്കാനുള്ള സാധങ്ങൾ മാത്രമല്ല വിലമതിക്കാനാവാത്ത ചില സമ്മാനങ്ങൾ അക്കൂട്ടത്തിൽ  ഉണ്ടായിരുന്നതായി ശ്രീധരൻ പറഞ്ഞു. ഇതിന് മുൻപ് പല തവണ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ 10 ദിവസത്തിനകം നാട്ടിൽ  സാധനം എത്തിക്കുമെന്ന മറുപടിയാണ് കാർഗോ ജീവനക്കാർ പറയുന്നത്. പല തവണ ഇത്തരത്തിൽ അവധി നീട്ടി നൽകുന്നത് പതിവാണെന്ന്  സ്ഥാപനത്തിൽ നിന്ന് കാർഗോ അയച്ച മറ്റ് ഉപഭോക്താക്കളും പറഞ്ഞു.

തിരുവനന്തപുരം, ആന്ധ്ര സ്വദേശികൾ എന്നിവരും ഇതേ സ്ഥാപനം വഴി അയച്ച കാർഗോ ഇതുവരെയും ലഭിച്ചില്ലെന്ന പരാതിയും നിലവിലുണ്ട്, അവർക്ക് നഷ്ടപരിഹാരം നൽകാമെന്ന് കന്പനി വാഗ്ദാനം  ചെയ്തിരുന്നുവെങ്കിലും  അയച്ച സാധങ്ങളുടെ വിലയും കാർഗോ ചാർജ്ജും നൽകാൻ  ഇതുവരെയും കാർഗോ കന്പനിക്കാർ തയ്യാറായിട്ടില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed