ശശി തരൂരിന്റെ മഹാരാജാ പരാമർശം വിവാദമായി
ന്യൂഡൽഹി : ബ്രിട്ടീഷ് ഭരണ കാലത്തെ രാജാക്കന്മാർക്കെതിരെ കോൺഗ്രസ് എം.പി ശശി തരൂർ നടത്തിയ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നു. പരാമർശത്തെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസിലെ തന്നെ നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.
ബ്രിട്ടീഷുകാർ അഭിമാനം ചവിട്ടിയരയ്ക്കാൻ എത്തിയപ്പോൾ സ്വയം രക്ഷയ്ക്കായി പരക്കംപാഞ്ഞ ‘വീര രാജാക്കന്മാർ’ ഇപ്പോൾ അഭിമാനക്ഷതമെന്നു പറഞ്ഞ് ഒരു സിനിമാക്കാരന്റെ പുറകെയാണെന്നായിരുന്നു തരൂരിന്റെ പരാമർശം. ഇതിനോടു പ്രതികരിച്ച ഇറാനി, കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിംഗ്, അമരീന്ദർ സിംഗ് എന്നിവർക്ക് എന്താണു പറയാനുള്ളതെന്നു ചോദിച്ചു. മൂവരും രാജകുടുംബത്തിൽപ്പെട്ടവരാണ്. പരാമർശത്തെ എതിർത്ത് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തി. തരൂർ ചരിത്രം പഠിക്കണം. എന്‍റെ പാരന്പര്യത്തിൽ എനിക്ക് അഭിമാനമാണുള്ളതെന്നും ഗ്വാളിയോർ രാജകുടുംബത്തിൽപ്പെട്ട സിന്ധ്യ പറഞ്ഞു.
പരാമർശം വിവാദമായതോടെ ശശി തരൂർ വിശദീകരണവുമായി രംഗത്തെത്തി. രജപുത്ര അഭിമാനം താൻ വ്രണപ്പെടുത്തിയെന്ന തരത്തിലുള്ള ബി.ജെ.പിക്കാരുടെ അവകാശവാദം വിസ്മയിപ്പിക്കുന്നു. ബ്രിട്ടീഷുകാരുമായി സന്ധിയിലായ മഹാരാജാക്കന്മാരുടെ കാര്യമാണു താൻ പറഞ്ഞത്. അല്ലാതെ സാമുദായികമായ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും തരൂർ ട്വിറ്ററിലൂടെ വ്യക്തമാക്കി. രജപുത്ര വിഭാഗത്തിന്റെ ആശങ്കകളെക്കുറിച്ചു വിശദീകരിച്ചപ്പോൾ ഇന്ത്യയുടെ നാനാത്വവും ഐക്യവും സംരക്ഷിക്കാൻ ജനങ്ങളുടെ ആശങ്കകളെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. രജപുത്രരുടെ വീരം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. അതിനെ ചോദ്യം ചെയ്യുകയല്ല. അവരുടെ ആശങ്ക ബി.ജെ.പി പരിഗണിക്കണമെന്നും തരൂർ വ്യക്തമാക്കി.


