തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിർത്തിട്ടുണ്ട്: ജിഫ്രി തങ്ങൾ
മനാമ: തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിർത്തിട്ടുണ്ടെന്നും സമസ്തയുടെ ചരിത്രത്തിലിന്നുവരെയും ഒരു തീവ്രവാദ ആരോപണവും ഭീകരവാദ പ്രവർത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ അഭിപ്രായപ്പെട്ടു. സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സമസ്ത കേരളത്തിൽ പ്രവർത്തനം തുടങ്ങിയിട്ട് ഇപ്പോൾ 100ാം വർഷത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ഇക്കാലമത്രയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രീതി ഒരിക്കലും സമസ്ത സ്വീകരിച്ചിട്ടില്ലെന്ന് മാത്രവുമല്ല, എല്ലാ കാലത്തും അതിനെ എതിർക്കുകയും പ്രചരണം നടത്തുകയുമാണ് സമസ്ത ചെയ്തിട്ടുള്ളത്. കൂടാതെ സലഫിസം, മൗദൂദിസം, കള്ള ത്വരീഖത്ത്, വ്യാജ സിദ്ധന്മാർ എന്നിവരെയും സമസ്ത എല്ലാ കാലത്തും എതിർത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് കേരളത്തിൽ മത സൗഹാർദ്ധം നിലനിൽക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് സമസ്ത. ഇന്ത്യയിലെ ഇതര േസ്റ്ററ്റുകളെ അപേക്ഷിച്ച് കേരളത്തിൽ സമാധാനവും മത സൗഹാർദ്ദവും ഏറ്റവും നന്നായി നിലനിൽക്കുന്നുണ്ടെന്നും ഇത് സമസ്തയുടെ സാന്നിധ്യം കൊണ്ടാണെന്നും ഇതര േസ്റ്ററ്റുകളിൽ സമസ്തയുടെ അസാന്നിധ്യം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫിൽ ചില രാഷ്ട്രങ്ങളിൽ മത പഠനങ്ങൾക്ക് വിലക്കുണ്ട് എന്നത് ശരിയല്ല. എല്ലാ രാഷ്ട്രങ്ങളും അവരുടെ സുരക്ഷയും സംരക്ഷണവും ശ്രദ്ധിക്കുന്നവരാണ്. അതിന്‍റെ ഭാഗമായി ആവശ്യമായ നിയന്ത്രണങ്ങളും നിയമങ്ങളും അവർ കൊണ്ടുവരും. കൊണ്ടുവരേണ്ടതുമാണ്.
അതേ സമയം വിവിധ രാഷ്ട്രങ്ങളിൽ ഔഖാഫ്, മതകാര്യവിഭാഗങ്ങൾ എന്നിവയുടെ അനുമതിയോടെ നല്ല രീതിയിൽ മതപഠനങ്ങൾ നടക്കുന്നുണ്ടെന്നും വിവിധ ചോദ്യങ്ങൾക്ക് മറുപടിയായി തങ്ങൾ പറഞ്ഞു.


