കെ.സി.എ വോളിബോൾ ടൂർണ്ണമെന്റ് ഫൈനൽ ഇന്ന്
മനാമ : കെ.സി.എയുടെ ആഭിമുഖ്യത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് കെ.സി.എയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ജുഫൈർ ടീമും കെ.സി.എയും തമ്മിലായിരിക്കും ഫിനാലെയിൽ ഏറ്റുമുട്ടുക. അതോടെ കഴിഞ്ഞ ഒക്ടോബർ 20ന് ആരംഭിച്ച്, 20 ദിവസത്തോളമായി നീണ്ടുനിന്ന ഈ വർഷത്തെ കെ.സി.എ വോളിബോളിന് പരിസമാപ്തിയാകും. തുടർച്ചയായ 24 വർഷമാണ് കെ.സി.എ വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സ്പോർട്ട്സ് സെക്രട്ടറി പീറ്റർ, കെ.സി.എ പ്രസിഡണ്ട് ജോസ് കൈതാരത്ത് എന്നിവർ പറഞ്ഞു. ജി.സി.സി രാജ്യങ്ങളിൽ നിന്നടക്കമുള്ള കളിക്കാർ മാറ്റുരച്ച ഈ ടൂർണമെന്റിന് പിന്തുണ നൽകിയ എല്ലാ സ്പോൺസർമാർക്കും കെ.സി.എ കമ്മിറ്റി നന്ദി രേഖപ്പെടുത്തുന്നതായി സംഘാടകർ അറിയിച്ചു. ഇന്ന് രാത്രി 8 മണിക്ക് ആരംഭിക്കുന്ന വോളിബോൾ ടൂർണ്ണമെന്റ് കാണുന്നതിനുള്ള പ്രവേശനം സൗജന്യമായിരിക്കും.


