ശീതകാലം ആരംഭിക്കുന്നു; ബഹ്‌റൈൻ വിപണി തയ്യാറായി
മനാമ: രാജ്യത്ത് ശൈത്യകാലം ആരംഭിച്ചതോടെ ഇതോടനുബന്ധിച്ചുള്ള വിപണിയും സജീവമായി. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ ചെറിയ ചാറ്റൽ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴ പെയ്തു കഴിയുന്നതോടെ ശരിക്കും തണുപ്പ് അനുഭവപ്പെട്ട് തുടങ്ങും. ശീതകാലത്തോടനുബന്ധുച്ച് പ്രത്യേകിച്ച് വസ്ത്ര വിപണിയിലാണ് വലിയ മാറ്റങ്ങൾ ഉണ്ടാകുക. തണുപ്പ് കാലത്തെ ഉപയോഗത്തിന് വേണ്ടിയുള്ള വസ്ത്രങ്ങൾ മിക്കവാറും വ്യാപാര കേന്ദ്രങ്ങളിൽ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. ഇന്ത്യയിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും മികച്ച തണുപ്പുകാല വസ്ത്രങ്ങളാണ് വിപണിയിൽ സ്റ്റോക്ക് എത്തിയിരിക്കുന്നത്. ഈ മേഖലയിലും ചൈനാ നിർമ്മിത വസ്ത്രങ്ങൾ തന്നെയാണ് മിക്ക കടകളിലും വേരുറപ്പിച്ചിട്ടുള്ളത്. കാഴ്ചയ്ക്ക് ഭംഗിയുള്ളതും ആകർഷകവുമായ വിവിധ തരത്തിലുള്ള സ്വറ്ററുകൾ, മഫ്ളോർ, കൈയ്യുറ തുടങ്ങിയവയും വിപണിയിൽ സജീവമായി എത്തിക്കഴിഞ്ഞു.
വിലക്കുറവാണ് ചൈനാ ഉൽപ്പന്നങ്ങളെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. തൊഴിലാളികളും ഇടത്തരക്കാരുമായിട്ടുള്ളവർ വിലക്കുറവും ഒരു സീസണിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്നതും വാങ്ങുന്പോൾ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർ ഷോറൂമുകൾ തന്നെ ആശ്രയിക്കുന്നു. ഹൈപ്പർ മാർക്കറ്റുകളിൽ ശീതകാല വിപണി മികച്ച ഓഫാറുകളോടെ ആരംഭിക്കാനാണ് സാധ്യത. വസ്ത്രങ്ങൾ കൂടാതെ റൂം ഹീറ്ററുകളാണ് വിപണിയിൽ ഏറ്റവും കൂടുതൽ ഈ കാലഘട്ടത്തിൽ വിറ്റഴിക്കപ്പെടുന്ന മറ്റൊരു ഉൽപ്പന്നം. ഇതിലും നിരവധി ബ്രാൻഡുകൾ ഉണ്ടെങ്കിലും നിലവിൽ വൈദ്യുതി അധികം ഉപയോഗിക്കാത്ത ഹീറ്ററുകളാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്. വില കുറഞ്ഞ റൂം ഹീറ്ററുകൾക്ക് തീപ്പിടുത്ത സാധ്യതയും ഉണ്ടാവുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. ഓയിൽ ഹീറ്ററുകളാണ് സുരക്ഷിതമായ മാർഗ്ഗം. കാർപ്പെറ്റുകൾ വിരിച്ച തറയിലും മറ്റും റൂം ഹീറ്ററുകൾ ഉപയോഗിക്കുന്പോൾ വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടത് കൊണ്ട്, റൂം ഹീറ്ററുകൾ മികച്ച ഗുണമേന്മയുള്ളത് തന്നെ വാങ്ങുന്നതാണ് നല്ലതെന്ന് വ്യാപാരികൾ തന്നെ അഭിപ്രായപ്പെടുന്നു.
ശൈത്യകാലം ആരംഭിച്ചതോടെ എയർ കൺണ്ടീഷൻ, റഫ്രിജറേറ്റർ വിപണി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഗൃഹോപകരണ വിപണിയിൽ വരുന്ന മൂന്ന് മാസങ്ങൾക്കുള്ളിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് കുറയുന്ന ഉൽപ്പന്നമാകും എയർ കണ്ടീഷനുകൾ. എന്നാൽ ശൈത്യകാല ഓഫർ നൽകി നിരവധി ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് വിൽക്കാനുള്ള ശ്രമമാണ് വ്യാപാരികൾ നടത്തുന്നത്. മനാമ സൂഖിലെ വ്യാപാരികളെല്ലാം ശൈത്യകാല വിപണി ലക്ഷ്യമാക്കി തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. സീസൺ പരമാവധി ഉപയോഗപ്പെടുത്തി വ്യാപാരം മെച്ചപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യാപാരികൾ പറയുന്നു.


