ബഹ്‌റൈൻ സഹിഷ്ണുതയുടെ ഭൂമി : എൻ.ഐ.എച്ച്.ആർ
മനാമ : അന്താരാഷ്ട്ര സഹിഷ്ണുത ദിനാഘോഷം നടത്താനുള്ള ഐക്യരാഷ്ട്രസഭ ആഹ്വാനത്തെ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻ.ഐ.എച്ച്.ആർ) പിന്തുണച്ചു. മതപരമായ സഹിഷ്ണുത സമാധാനപരമായ സഹവർത്തിത്വം എന്നിവയാണ് ബഹ്‌റൈന്റെ ശക്തിയെന്ന് എൻ.ഐ.എച്ച്.ആർ പറഞ്ഞു.
സഹിഷ്ണുതയും സഹവർത്തിത്വവും എല്ലായ്പ്പോഴും ബഹ്‌റൈൻ ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അസഹിഷ്ണുതയെ എതിർക്കുക, മതസൗഹാർദ്ദം നിലനിർത്തുക എന്നീ വിഷയങ്ങളിൽ ബഹ്‌റൈന്റെ നിലപാടുകളെ എൻ.ഐ.എച്ച്.ആർ പ്രശംസിച്ചു. സർക്കാർ മതന്യൂനപക്ഷങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും എൻ.ഐ.എച്ച്.ആർ വ്യക്തമാക്കി. മതനിരപേക്ഷതയ്ക്കും സമാധാനപരമായ സഹവർത്തിത്വത്തിനായി കഴിഞ്ഞ സെപ്തംബറിൽ ലോസ് ആഞ്ചലസിൽ ഉദ്ഘാടനം ചെയ്ത കിങ് ഹമദ് ഗ്ലോബൽ സെന്ററിന്റെ പ്രവർത്തനത്തെയും എൻ.ഐ.എച്ച്.ആർ പ്രശംസിച്ചു.
എല്ലാ വർഷവും നവംബർ 16നാണ് അന്താരാഷ്ട്ര സഹിഷ്ണുത ദിനാഘോഷം നടക്കുന്നത്. സഹിഷ്ണുത, അഭിനന്ദനം, ബഹുമാനം, സഹകരണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര സഹിഷ്ണുത ദിനവും ആചരിക്കണമെന്ന് ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.


