കാ­ത്തി­രി­പ്പ് തീ­ർ­ന്നു : ഇന്ത്യൻ സ്കൂൾ തി­ര‍ഞ്ഞെ­ടു­പ്പ് ഡി­സംബർ എട്ടി­ന്


മനാമ : 2017−20 വർഷത്തേയ്ക്കുള്ള ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയെ തിരഞ്ഞെക്കുന്നതിനുള്ള വോട്ടെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. ഡിസംബർ 8ന് ചേരുന്ന ജനറൽ ബോഡി യോഗത്തിന് ശേഷം വോട്ടെടുപ്പ് നടക്കുന്നതായിരിക്കും. വീണ അറോറ, മുഹമ്മദ് ഗൗസ് മുഹമ്മദ് സലിം, ലെനി പി. മാത്യു, തോമസ് മത്തായി എന്നിവരെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനായി ചുമതലപ്പെടുത്തി. ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, അസി. സെക്രട്ടറി, മറ്റ് മൂന്ന് ബോർഡ് അംഗങ്ങൾ  സ്റ്റാഫ് പ്രതിനിധി, കണ്ടിന്യൂറ്റി അംഗം, മന്ത്രാലയം അംഗം, കൂടാതെ പ്രിൻസിപ്പൽ എന്നിങ്ങനെ 11 പേർ അടങ്ങിയതാണ് സ്‌കൂൾ ഭരണ സമിതി. ഇതിൽ മന്ത്രാലയം അംഗം, സ്റ്റാഫ് പ്രതിനിധി, പ്രിൻസിപ്പൽ, കണ്ടിന്യൂറ്റി അംഗം എന്നിവർ ഒഴികെ ബാക്കി ഏഴ് പേരെയാണ് രക്ഷിതാക്കൾ ജനാധിപത്യ രീതിയിൽ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കേണ്ടത്.

ഡിസംബർ 8ന് രാവിലെ 8 മണിക്ക് ജനറൽ ബോഡി ആരംഭിക്കും. തുടർന്ന് തിരഞ്ഞെടുപ്പ് ആരംഭിക്കും. നിലവിലെ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് വായിക്കൽ, കഴിഞ്ഞ ജനറൽ ബോഡിയിലെ മിനുട്ട് അംഗീകരിക്കൽ, അക്കാദമിക് റിപ്പോർട്ട് വായന, മേജർ കോൺട്രാക്ടുകളുടെ അംഗീകാരം, സ്‌കൂൾ ഭരണഘടനാ മാറ്റം തുടങ്ങി 11ഓളം അജണ്ടകളാണ് ജനറൽ ബോഡി യോഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രക്ഷിതാക്കൾക്ക് ജനറൽ ബോഡിയിൽ സംബന്ധിക്കുന്നതിനായി ബഹ്റൈന്റെ എല്ലാ ഭാഗത്തുനിന്നും ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാർഷിക മെന്പർഷിപ്പ് അടച്ചിട്ടുള്ള രക്ഷിതാക്കൾക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അധികാരമുണ്ടായിരിക്കുകയുള്ളൂ.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രക്ഷിതാക്കൾക്ക് കൃത്യമായ നിബന്ധന സ്‌കൂൾ ഭരണഘടനയിലുണ്ട്. സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ പിതാവ്, അദ്ദേഹത്തിന്റെ അഭാവത്തിൽ മാതാവിനോ അല്ലെങ്കിൽ കോടതി വിധി പ്രകാരം കുട്ടിയുടെ രക്ഷിതാവായി തുടരുന്ന ആളിനോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയുണ്ട്. ബഹ്‌റൈനിൽ കഴിഞ്ഞ രണ്ട് വർഷമെങ്കിലും റെസിഡൻസ് വിസ ഉള്ളവരായിരിക്കണം, തിരഞ്ഞെടുപ്പ് കാലയളവിൽ ഒരു കുട്ടിയെങ്കിലും സ്‌കൂളിൽ പഠിക്കുന്നുണ്ടായിരിക്കണം, ഇന്ത്യയിലെയോ മറ്റ് അംഗീകൃത സർവ്വകലാശാലയിൽ നിന്നോ ബിരുദം കരസ്ഥമാക്കിയവരായിരിക്കണം, തുടർച്ചയായി രണ്ട് തവണ ഭരണ സമിതിയിൽ അംഗം ആയിട്ടുള്ളവർക്ക് ഇടവേളയില്ലാതെ മൂന്നാം തവണ മത്സരിക്കാൻ അർഹതയില്ല എന്നിങ്ങനെയാണ് നിബന്ധന.

തിരഞ്ഞെടുപ്പ് തീർത്തും രഹസ്യ ബാലറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നടക്കുക. സി.പി.ആർ, സ്‌കൂൾ അംഗത്വ നന്പർ തുടങ്ങിയവ രക്ഷിതാക്കൾ തിരഞ്ഞെടുപ്പിന് വരുന്പോൾ കരുതിയിരിക്കണം, നാമനിർദ്ദേശ പത്രികകൾ നവംബർ 19 മുതൽ നവംബർ 26 വരെ അവധി ദിനങ്ങൾ ഉൾപ്പെടെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ സ്‌കൂൾ ഓഫീസിൽ നിന്നും ലഭിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

നവംബർ 27ന് ഉച്ചയ്ക്ക് രണ്ട് മണി വരെ പത്രികകൾ സമർപ്പിക്കാം. നവംബർ 28ന് വൈകീട്ട് 6 മണി വരെ പത്രികകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. നവംബർ 29ന് ഉച്ചയ്ക്ക് 2 മണി വരെ പത്രികകൾ പിൻവലിക്കാൻ സാവകാശമുണ്ട്. നവംബർ 29ന് ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഡിസംബർ 8ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം അന്ന് വൈകീട്ട് 8 മണിയോടെ ഫലം അറിവാവുകയും ചെയ്യും.

മേൽപ്പറഞ്ഞ യോഗ്യതയുള്ള ഏതൊരു രക്ഷിതാവിനും തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാമെങ്കിലും കാലാകാലങ്ങളായി രക്ഷിതാക്കൾ ഉൾപ്പെടുന്ന പാനലാണ് ഓരോ വർഷവും സ്‌കൂളിന്റെ ഭരണം ഏറ്റെടുക്കുന്നത്. ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സ്‌കൂളാണെങ്കിലും ഭൂരിപക്ഷവും മലയാളി വിദ്യാർത്ഥികൾ തന്നെയാണ്. അതുകൊണ്ടുതന്നെ മലയാളികൾ അടങ്ങുന്ന രക്ഷിതാക്കളാണ് സ്‌കൂളിന്റെ ഭരണ സാരഥ്യം കുറച്ചു കാലങ്ങളായി ഏറ്റെടുക്കുന്നതും. ഇത്തവണ നാലോളം പാനലുകളാണ് സ്‌കൂൾ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് കോലാഹലങ്ങൾക്ക് മലയാളി സമൂഹം സാക്ഷിയാകും. രാജ്യത്തെ പ്രത്യേക സഹചര്യത്തിൽ പാർട്ടി ചിഹ്നങ്ങളോ ബാഹ്യമായ രാഷ്ട്രീയ പാർട്ടി പിന്തുണയോ പരസ്യമായി ഈ തിരഞ്ഞെടുപ്പിൽ ഇല്ലെങ്കിലും എല്ലാതരാം രാഷ്ട്രീയവും ജാതി-മത സമവാക്യങ്ങളും അനുസരിച്ചുള്ള പാനലുകളാണ് മലയാളി സമൂഹം സ്‌കൂളിലും പ്രാവർത്തികമാക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed