ക്യാപിറ്റൽ ഗവർണറേറ്റ് പുതിയ വെബ്സൈറ്റും സ്മാർട് ഫോൺ ആപ്ലിക്കേഷനും അവതരിപ്പിച്ചു
മനാമ : ‘മൈ ക്യാപിറ്റൽ’ എന്ന പേരിൽ പുതിയ വെബ്സൈറ്റും സ്മാർട് ഫോൺ ആപ്ലിക്കേഷനും ക്യാപിറ്റൽ ഗവർണറേറ്റ് പുറത്തിറക്കി. ജനങ്ങളുമായുള്ള ആശയവിനിമയ സംവിധാനങ്ങൾ ആധുനികവത്കരിക്കാനും വികസിപ്പിക്കാനുമായി ഇൻഫോർമെഷൻ ആന്റ് ഇ-−ഗവൺമെന്റ് അതോറിറ്റിയുടെ (ഐ.ജി.എ) സഹകരണത്തോടെയാണ് വെബ്സൈറ്റും ആപ്ലിക്കേഷനും പുറത്തിറക്കിയത്. ചൊവ്വാഴ്ച്ച ഗുദൈബിയയിൽ നടന്ന പത്രസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ ഷെയ്ഖ് ഹിസാം ബിൻ അബ്ദുൾ റഹ്മാൻ അൽ ഖലീഫ, യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രതിനിധി അമീൻ അൽ ഷർഖാവി, ഐ.ജി.എയുടെ ഇലക്ട്രോണിക് ട്രാൻസ്‌ഫോർമേഷൻ വിഭാഗം ആക്ടിംഗ് സി.ഇ.ഒ. ഡോ. സഖറിയ അൽ ഖാജ എന്നിവർ പങ്കെടുത്തു.
മൈ ക്യാപിറ്റൽ ആപ്ലിക്കേഷനിലൂടെ ജനങ്ങൾക്ക് തങ്ങളുടെ നിർദ്ദേശങ്ങളും പരാതികളും നേരിട്ട് ഗവർണറേറ്റിൽ സമർപ്പിക്കാൻ കഴിയുമെന്ന് ഷെയ്ഖ് ഹിസാം പറഞ്ഞു. പൊതുസ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ജനങ്ങളുടെ നിർദ്ദേശങ്ങൾക്കും പരാതികൾക്കും നേരിട്ടുള്ളതും വേഗത്തിലുള്ളതുമായ മറുപടികൾ നൽകുന്നതിലൂടെ ഗവൺമെന്റ് സേവനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


