കെ.എം.സി.സി ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം 17ന് : അബ്ദുസ്സമദ് സമദാനിയുടെ പ്രഭാഷണം
മനാമ : ഇന്ത്യയുടെ 71−ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹറൈൻ കെ.എം.സി.സി സംഘടിപ്പിക്കുന്ന പൊതുപരിപാടി ഓഗസ്റ്റ് 17ന് (വ്യാഴാഴ്ച) രാത്രി 8 മണിക്ക് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘നാനാത്വത്തിൽ ഏകത്വം’ എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് പ്രമുഖ പ്രഭാഷകനും മുൻ പാർലമെന്‍റ് അംഗവുമായ എം.പി അബ്ദുസ്സമദ് സമദാനി പ്രഭാഷണം നടത്തും.
നമ്മുടെ മാതൃരാജ്യം ഏറെ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ബഹ്‌റൈൻ കെ.എം.സി.സി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. വർത്തമാന കാലഘട്ടത്തിൽ നാനാത്വത്തിൽ ഏകത്വത്തിന് ഏറെ പ്രസക്തിയുണ്ടെന്നും ഈ വിഷയത്തിൽ സമദാനി നടത്തുന്ന പ്രഥമ പ്രഭാഷണമാണിതെന്നും തുടർന്നും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വര സന്ദേശം ഊട്ടിയുറപ്പിക്കുവാൻ ഈ പരിപാടി സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീൽ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ഓർഗനൈസിംഗ് സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര ഭാരവാഹികളായ ഷാഫി പാറക്കട്ട, ഗഫൂർ കൈപ്പമംഗലം, പി.വി സിദ്ദിഖ്, മൊയ്‌ദ്ദീൻകുട്ടി, കെ.കെ.സി മുനീർ, മീഡിയ കോ-ഓർഡിനേറ്റർ തേവലക്കര ബാദുഷ തുടങ്ങിയവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33498116, 33452334 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

