ബഹ്റൈൻ വടക്കൻ ഗവർണറേറ്റിൽ മാലിന്യ നിക്ഷേപത്തിന് കർശന നിയന്ത്രണം: നിയമലംഘകർക്ക് 300 ദിനാർ പിഴ, അടിയന്തര നടപടിയുമായി മുനിസിപ്പൽ കൗൺസിൽ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ വടക്കൻ ഗവർണറേറ്റിൽ പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി കർശന നടപടികൾ വരുന്നു. നിയമലംഘനങ്ങൾക്ക് 300 ബഹ്‌റൈൻ ദിനാർ പിഴ ചുമത്തുന്നതടക്കമുള്ള മുന്നറിയിപ്പ് സ്റ്റിക്കറുകൾ ഇനി മുതൽ മാലിന്യ ബോക്സുകളിൽ പതിക്കും. നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുള്ള അബ്ദുൽഹമീദ് അഷൂർ സമർപ്പിച്ച നിർദ്ദേശം നിലവിൽ ക്ലീനിംഗ് കമ്മിറ്റിയും ശുചീകരണ കരാർ കമ്പനിയും ചേർന്നുള്ള സാങ്കേതിക പരിശോധനയിലാണ്.

റോഡരികുകളിലും പൊതുസ്ഥലങ്ങളിലും അലക്ഷ്യമായി മാലിന്യം തള്ളുന്നത് തടയുക, തെരുവ് മൃഗങ്ങളെയും എലികളെയും ആകർഷിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിർദ്ദേശത്തിന് കൗൺസിൽ ഏകകണ്ഠമായി അംഗീകാരം നൽകിയിരുന്നു. പൊതുജനങ്ങൾക്ക് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തുതന്നെ കൃത്യമായ അവബോധം നൽകാൻ ബോക്സുകളിൽ നേരിട്ട് നിർദ്ദേശങ്ങൾ രേഖപ്പെടുത്തുന്നത് സഹായിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.

മാലിന്യങ്ങൾ ബോക്സിന് പുറത്ത് ഉപേക്ഷിക്കുക, മാലിന്യ ബോക്സുകൾ നിശ്ചയിച്ച സ്ഥലങ്ങളിൽ നിന്ന് മാറ്റി സ്ഥാപിക്കുക തുടങ്ങിയ തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാനാണ് ഈ നീക്കമെന്ന് കൗൺസിൽ അംഗം അബ്ദുള്ള അബ്ദുൽഹമീദ് അഷൂർ വ്യക്തമാക്കി.

മാലിന്യ ബോക്സുകളിൽ പതിക്കുന്ന സ്റ്റിക്കറുകളിൽ പ്രധാനമായും പക്ഷികൾക്കും മൃഗങ്ങൾക്കും പൊതുസ്ഥലങ്ങളിൽ പരസ്യമായി ഭക്ഷണം നൽകരുത് എന്ന കർശന നിർദ്ദേശം ഉണ്ടായിരിക്കും. മൃഗങ്ങൾക്കും പക്ഷികൾക്കും ഇത്തരത്തിൽ ഭക്ഷണം നൽകുന്ന നിയമലംഘനങ്ങൾക്ക് 300 ദിനാർ പിഴ ഈടാക്കുമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ അവശിഷ്ടങ്ങൾ ബോക്സിന് പുറത്ത് തള്ളരുത്, മാലിന്യ ബോക്സുകൾ യഥാസ്ഥാനത്തുനിന്നും മാറ്റരുത് തുടങ്ങിയ മുന്നറിയിപ്പുകളും ഇതിൽ ഉൾപ്പെടുന്നു.

സാധാരണ ബോധവൽക്കരണ കാമ്പെയ്‌നുകളെക്കാൾ, താമസക്കാർക്കും തൊഴിലാളികൾക്കും വഴിയാത്രക്കാർക്കും നേരിട്ട് കാണാൻ കഴിയുന്ന ഇത്തരം മുന്നറിയിപ്പുകൾ കൂടുതൽ ഫലപ്രദമാകുമെന്ന് ഉദ്യോഗസ്ഥർ പ്രത്യാശ പ്രകടിപ്പിച്ചു. ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ സ്റ്റിക്കറുകളുടെ ഡിസൈൻ, അനുയോജ്യമായ ഭാഷാ ശൈലി, ഉള്ളടക്കം എന്നിവ നിലവിൽ മന്ത്രാലയത്തിന്റെ സാങ്കേതിക സമിതി വിലയിരുത്തി വരികയാണ്.

മാലിന്യ ബോക്സുകളുടെ അശാസ്ത്രീയമായ ഉപയോഗം പ്രവാസ മേഖലകളടക്കമുള്ള പാർപ്പിട കേന്ദ്രങ്ങളുടെ ഭംഗി കെടുത്തുന്നതായും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ലളിതവും നേരിട്ടുള്ളതുമായ ഇത്തരം മുന്നറിയിപ്പുകളിലൂടെ പൊതുജനങ്ങളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് കൗൺസിലിന്റെ പ്രതീക്ഷ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed