വയനാട്ടിലെ മണ്ണിടിച്ചിൽ പ്രകൃതിദുരന്തമല്ല, മനുഷ്യനിർമിതം: മന്ത്രി ടി. സിദ്ദീഖ്
ഷീബ വിജയൻ
തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ രീതിയിൽ മണ്ണ് കൂട്ടിയിട്ടതാണ് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ കാരണമെന്നും ഇത് പ്രകൃതിദുരന്തമല്ല, മറിച്ച് മനുഷ്യനിർമിത ദുരന്തമാണെന്നും മന്ത്രി ടി. സിദ്ദീഖ്. ശാസ്ത്രീയമല്ലാത്ത രീതിയിലുള്ള മണ്ണ് കൂട്ടിവെക്കലാണ് ഈ അപകടത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ ആറുപേരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
മണ്ണിനടിയിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭ്യമല്ലാത്തതിനാൽ പരിശോധന പൂർണ്ണതോതിൽ തുടരുമെന്ന് മന്ത്രി അറിയിച്ചു. തുരങ്കപാതയ്ക്കായി അശാസ്ത്രീയമായാണ് മണ്ണ് മാറ്റിയത്. നേരത്തെ തന്നെ വയനാട്ടിൽ ശക്തമായ മഴ പെയ്തിരുന്നതായും, ഇത്തരത്തിൽ അപകടം സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ച് തുരങ്കപാതയുമായി ബന്ധപ്പെട്ട യോഗങ്ങളിലും അല്ലാതെയും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. സർക്കാർ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിർദ്ദേശങ്ങൾ പാലിക്കാതെ മുന്നോട്ടുപോയ സാഹചര്യത്തെക്കുറിച്ച് കൃത്യമായ പരിശോധന ഉണ്ടാകും.
അപകടം നടന്ന സ്ഥലത്ത് 256 മില്ലീമീറ്റർ മഴ ലഭിച്ചിട്ടും റെഡ് അലർട്ട് പ്രഖ്യാപിക്കാതിരുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. മഴയുടെ തോത് കണക്കാക്കി കെഎസ്ഡിഎംഎ ഇടപെട്ട് പ്രവൃത്തികൾ നിർത്തിവെക്കണമെന്നും മണ്ണ് അടിയന്തരമായി മാറ്റണമെന്നും മുൻപ് യോഗം വിളിച്ച് നിർദ്ദേശം നൽകിയിരുന്നതാണ്. ഈ നിർദ്ദേശങ്ങൾ എന്തുകൊണ്ട് നടപ്പിലായില്ല എന്നത് ഗൗരവമായി പരിശോധിക്കും. കൽപറ്റയിലെ പുനരധിവാസ ടൗൺഷിപ്പിലും സമാനമായ രീതിയിൽ വൻതോതിൽ മണ്ണ് കൂട്ടിയിട്ടിട്ടുണ്ട്. മുൻപ് ഒരു ദിവസം മഴ പെയ്തപ്പോൾ അർദ്ധരാത്രിയിൽ ഈ മണ്ണ് ടൗൺഷിപ്പിലേക്ക് വ്യാപകമായി ഒഴുകിയിറങ്ങിയിരുന്നു. അവിടെയും മണ്ണ് മാറ്റാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും തൃപ്തികരമായ രീതിയിലല്ല കാര്യങ്ങൾ നീങ്ങിയത്. മാർഗനിർദേശങ്ങൾ പാലിക്കാതെ മുന്നോട്ടുപോകാൻ ആരെയും അനുവദിക്കില്ലെന്നും അവിടെയും ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘവും ഫയർ സർവീസും സ്ഥലത്തെത്തിയിട്ടുണ്ട്. കണ്ണൂരിലുള്ള എൻഡിആർഎഫ് സംഘത്തോടും അടിയന്തരമായി സ്ഥലത്തേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ആളുകൾ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള തെരച്ചിൽ ഉടൻ ആരംഭിക്കും. മഴക്കാലത്ത് പ്രവൃത്തികൾ നടത്തരുതെന്നും അതുമായി ബന്ധപ്പെട്ട ആളുകൾ അവിടെ ഉണ്ടാകരുതെന്നും എട്ടു കുടുംബങ്ങളെ മുൻകൂട്ടി മാറ്റിപ്പാർപ്പിക്കണമെന്നും നേരത്തെ തന്നെ വ്യക്തമായ നിർദ്ദേശം നൽകിയിരുന്നതാണെന്നും മന്ത്രി സിദ്ദീഖ് ഓർമ്മിപ്പിച്ചു.
xzSAASasd

