‘അമ്മ’യുടെ നിയന്ത്രണം തിരിച്ചുപിടിച്ച് ശ്വേത മേനോനും സംഘവും
ഷീബ വിജയൻ
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ (AMMA) ഭരണപരമായ പ്രതിസന്ധികളും തർക്കങ്ങളും തുടരുന്നു. രമേഷ് പിഷാരടി കൺവീനറായി രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതോടെ, പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള പഴയ ഭരണസമിതി വീണ്ടും സംഘടനയിൽ സജീവമായിരിക്കുകയാണ്. സംഘടനയുടെ പൂർണ്ണ നിയന്ത്രണം തിരിച്ചുപിടിക്കാനും അടിയന്തരമായി ജനറൽ ബോഡി യോഗം വിളിച്ചുചേർക്കാനുമാണ് പഴയ ഭരണസമിതിയുടെ നിലവിലെ തീരുമാനം.
കഴിഞ്ഞ ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ശ്വേത മേനോൻ നേതൃത്വം നൽകുന്ന ഭരണസമിതിക്കെതിരെ അംഗങ്ങളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് ഭരണസമിതി രാജി പ്രഖ്യാപിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ പുതിയ അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകിയത്. എന്നാൽ, യോഗത്തിൽ വെച്ച് രാജി പ്രഖ്യാപിച്ചുവെങ്കിലും ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിക്കാൻ പഴയ ഭരണസമിതി തയ്യാറായിരുന്നില്ല.
കൂടാതെ, കലൂരിലുള്ള സംഘടനയുടെ ആസ്ഥാന ഓഫീസ്, അംഗങ്ങൾക്കുള്ള ചികിത്സാ സഹായ വിതരണം തുടങ്ങിയ പ്രധാന കാര്യങ്ങളുടെ നിയന്ത്രണം ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള സമിതി തന്നെ തുടർന്നും കൈവശം വെച്ചിരിക്കുകയായിരുന്നു. അഡ്‌ഹോക്ക് കമ്മിറ്റിയുടെ അധികാരങ്ങൾക്ക് കോടതി തടയിട്ട പശ്ചാത്തലത്തിൽ, രാജിവെക്കാതെ തുടരുന്ന മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഉൾപ്പെടുത്തി അടിയന്തര യോഗം വിളിക്കാനാണ് ശ്വേത മേനോൻ തീരുമാനിച്ചിരിക്കുന്നത്. ഈ യോഗത്തിന് ശേഷം സംഘടനയുടെ സാമ്പത്തിക കണക്കുകൾ കൃത്യമായി അവതരിപ്പിക്കാനും, തുടർന്ന് എത്രയും വേഗം പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുമാണ് സമിതി ലക്ഷ്യമിടുന്നത്.
അതേസമയം, സംഘടനയ്ക്കുള്ളിൽ ശ്വേത മേനോനെതിരെ ഉയർന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങളും ജനറൽ ബോഡിയിൽ അവർ നേരിട്ട ഒറ്റപ്പെടലും 'അമ്മ'യിൽ വരുംദിവസങ്ങളിലും വലിയ ആഭ്യന്തര പ്രതിസന്ധികൾക്ക് വഴിവെക്കുമെന്നാണ് സിനിമാ മേഖലയിലുള്ളവരുടെ വിലയിരുത്തൽ. തനിക്കെതിരെ ഉയർന്ന രാഷ്ട്രീയ ആരോപണങ്ങളിൽ അടക്കം ശ്വേത മേനോൻ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംഘടനയ്ക്കുള്ളിലെ അധികാരത്തർക്കങ്ങൾ പുതിയ സംഘർഷങ്ങളിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ സിനിമാ ലോകം.
dsdsadsa

